Latest News

ആമസോണിനെ കബളിപ്പിച്ച് 1.3 കോടി രൂപ തട്ടിയ കൊറിയര്‍ ജീവനക്കാരനും സംഘവും പിടിയില്‍

ബെംഗളുരു: സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ച് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച കൊറിയര്‍ ജീവനക്കാരനും സംഘവും പിടിയില്‍.[www.malabarflash.com]
ചിക്കമഗളുരു സ്വദേശികളായ ദര്‍ശന്‍ (25), സുഹൃത്തുക്കളായ പുനിത് (19), സച്ചിന്‍ ഷെട്ടി (18), അനില്‍ ഷെട്ടി (24) എന്നിവരെയാണ് ചിക്കമഗളുരു പോലീസ് അറസ്റ്റ് ചെയ്തത്. ആമസോണ്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

1.3 കോടിരൂപ ദര്‍ശനും സുഹൃത്തുക്കളും തട്ടിയെടുത്തു. ആമസോണില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ചിക്കമഗളുരുവില്‍ വിതരണംചെയ്യുന്ന കൊറിയര്‍ കമ്പനിയിലെ ജീവനക്കാരനാണ് ദര്‍ശന്‍.

കൂട്ടുകാരുടെ സഹായത്തോടെ വിലകൂടിയ ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പ്. ഉത്പന്നം ലഭിക്കുമ്പോള്‍ പണം നല്‍കുന്ന സംവിധാനം ഉപയോഗിച്ചാണ് ലാപ്ടോപ്പുകളും സ്മാര്‍ട്ട്ഫോണുകളും വാച്ചുകളും അടക്കമുള്ള ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഉത്പന്നങ്ങള്‍ എത്തിയതിനുശേഷം സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ച് പണം കൈപ്പറ്റിയതായി തെറ്റായ സന്ദേശം കമ്പനിയിലേക്ക് അയയ്ക്കുകയായിരുന്നു.

ആമസോണ്‍ ഫെബ്രുവരിയില്‍ നടത്തിയ ഓഡിറ്റിങ്ങിനിടെയാണ് 1.3 കോടി രൂപ കമ്പനിയില്‍ എത്തിയില്ലെന്നു മനസ്സിലാക്കുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ദര്‍ശന് കമ്പനി നല്‍കിയിരുന്ന സൈ്വപ്പിങ് മെഷീനില്‍ നിന്ന് സന്ദേശം വന്നിട്ടുണ്ടെങ്കിലും അക്കൗണ്ടിലേക്ക് പണമെത്തിയില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ചത് എങ്ങനെയെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചതാണ് പോലീസിനെ അദ്ഭുതപ്പെടുത്തുന്നത്. ഇവരില്‍നിന്ന് നാലു ബൈക്കുകളും ഒട്ടേറെ സ്മാര്‍ട്ട്ഫോണുകളും ലാപ് ടോപ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.