നീലേശ്വരം: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ നവമാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തുന്നുവെന്ന പി കരുണാകരന്‍ എംപിയുടെ പരാതിയില്‍ വനിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമക്കെതിരെ കോടതി അനുമതിയോടെ ചന്തേര പോലീസ് കേസെടുത്തു.[www.malabarflash.com]
കരുണാകരന്‍ എംപിയുടെ മകള്‍ ദിയ കരുണാകരനും വയനാട് പനമരത്തെ മര്‍സദ് സുഹൈലും തമ്മില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹിതരായതിന് പിന്നാലെ നവമാധ്യമങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിപ്പിച്ചത്.
ഇതില്‍ പടന്ന സ്വദേശിനിയും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുമായ യുവതിയുടെ പോസ്റ്റ് തന്നെയും കുടുംബത്തെയും മകളുടെയും കുടുംബത്തെയും അവഹേളിക്കുന്നതും അപമാനിക്കുന്നതും, അശ്ലീലകരവും തികച്ചും അവാസ്ഥവവുമായ കാര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി കരുണാകരന്‍ എംപി ചന്തേര പോലീസില്‍ പരാതി നല്‍കിയത്.
പരാതി കേസെടുക്കുന്നതിനായി പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതി അനുമതിയോടെയാണ് ക്രൈം നമ്പര്‍ 120(ഒ) കേരള പോലീസ് ആക്ട് പ്രകാരം യുവതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി ഒരു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിക്കുന്നതാണ് കുറ്റം.
കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും സൈബര്‍സെല്‍ പരിശോധന നടത്തുകയും ചെയ്യും.
പ്രാഥമികമായി തെളിവ് കണ്ടെത്തിയാല്‍ ഫോറന്‍സിക് ലാബില്‍ ഫോണും സിമ്മും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. യുവതിയുടെ നവമാധ്യമ അക്കൗണ്ടുകളും പരിശോധിച്ച ശേഷം എന്താണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തും. തുടര്‍ന്ന് പരാതിക്കാരനായ പി കരുണാകരന്‍ എംപിയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.
No comments:
Post a Comment