Latest News

കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി; നാലുയുവാക്കള്‍ പിടിയില്‍

പരപ്പ: വിദ്യാര്‍ത്ഥിനിയായ പത്തൊമ്പതുകാരി ഓട്ടോറിക്ഷാ ഡ്രൈവറായ കാമുകനോടൊപ്പം ഒളിച്ചോടി. ഇതിനു പിന്നാലെ കാമുകിയുടെ ബന്ധുക്കള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി.[www.malabarflash.com]

വെള്ളരിക്കുണ്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയും പരപ്പ കനകപ്പള്ളി സ്വദേശിനിയുമായ 19കാരിയാണ് തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജിജോ ജോസിനോടൊപ്പം ഒളിച്ചോടിയത്. ഇവര്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ പിതൃസഹോദര പുത്രനും സുഹൃത്തുക്കളും ചേര്‍ന്ന് ജിജോവിന്റെ സഹോദരന്‍ ജിസ് ജോസിനെ ബൊലേറൊ ജീപ്പില്‍ തട്ടിക്കൊണ്ടുപോയി. പോലീസ് നടത്തിയ ഊര്‍ജിതമായ തെരച്ചിലിനെ തുടര്‍ന്ന് പാണത്തൂരില്‍ വെച്ച് ജിസ് ജോസിനെ കണ്ടെത്തുകയും തട്ടിക്കൊണ്ടുപോയ നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

പെണ്‍കുട്ടിയുടെ പിതൃസഹോദര പുത്രന്‍ ബിജു (37), സുഹൃത്തുക്കളായ സനോജ് (37), ഷൈന്‍ (36), ബൊലേറൊ ഡ്രൈവര്‍ വിനീഷ് എന്നിവരെയാണ് പിടികൂടിയത്. ജിസ് ജോസിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കെ എല്‍ 17 എ 2997 നമ്പര്‍ ബൊലേറൊ ജീപ്പും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു
തിങ്കളാഴ്ച രാവിലെ മുതലാണ് നാടകീയമായ രംഗങ്ങള്‍ക്ക് മലയോരം സാക്ഷിയായത്. രാവിലെ സ്‌കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി സ്‌കൂളിന് മുന്നില്‍ ബസിറങ്ങാതെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് സമീപത്തെ ജിജോ ജോസിന്റെ വീടിന് മുന്നിലിറങ്ങുകയായിരുന്നു. ഇവിടെ നിന്നുമാണ് ഇരുവരും ഒളിച്ചോടിയത്. 

പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വെള്ളരിക്കുണ്ടില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ബസ് ഡ്രൈവര്‍ കൂടിയായ ജിസ് ജോസിനെ വെള്ളരിക്കുണ്ട് മാലോം റോഡില്‍ വെച്ച് ബിജുവും സംഘവും ബലം പ്രയോഗിച്ച് ബൊലോറ ജീപ്പില്‍ തട്ടിക്കൊണ്ടുപോയത്. 

ജിജോയും പെണ്‍കുട്ടിയും ഒളിവില്‍ കഴിയുന്ന സ്ഥലം കാട്ടിക്കൊടുക്കണമെന്ന് പറഞ്ഞായിരുന്നു ജിസിനെ തട്ടിക്കൊണ്ടുപോയത്.
ജിജോ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ രാത്രി ജിസുമായി സംഘം പരിശോധന നടത്തി. കര്‍ണാടക ബല്‍ത്തങ്ങാടിയിലെ ജിജോവിന്റെ സുഹൃത്തിന്റെ വീട്ടില്‍ വരെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

ജിസിനെ തട്ടിക്കൊണ്ടുപോയതറിഞ്ഞ് രാത്രി തന്നെ വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് എസ്‌ഐ ടി കെ മുകുന്ദന്‍, രാജപുരം എസ്‌ഐ ജയകുമാര്‍ എന്നിവര്‍ വ്യാപകമായ തെരച്ചില്‍ നടത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബുധനാഴ്ച രാവിലെ കര്‍ണാടകയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പാണത്തൂരില്‍ വെച്ച് ഇവരെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.