Latest News

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യക്കും കാമുകനും ഇരട്ട ജീവപര്യന്തം

കൊല്ലം: അവിഹിതബന്ധത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്കും കാമുകനും ഇരട്ട ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ.[www.malabarflash.com] 

മേലില ഇരുങ്ങൂര്‍ കിഴക്കേത്തെരുവില്‍ പള്ളത്തുവീട്ടില്‍ സുരേഷി(43)നെ കൊലപ്പെടുത്തിയ കേസില്‍ സുശീല (39), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ പട്ടാഴി തെക്കേത്തേരി കരിക്കത്തില്‍വീട്ടില്‍ സെല്‍വരാജ് (42) എന്നിവരെ ശിക്ഷിച്ച് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

വിധി കേള്‍ക്കാനായി മരിച്ച സുരേഷിന്റെ സഹോദരി സുഭദ്രയും ഭര്‍ത്താവ് നടരാജനുമടക്കമുള്ള ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു.

ഐ.പി.സി. 302 പ്രകാരം ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും പിഴയൊടുക്കാത്തപക്ഷം മൂന്നുവര്‍ഷം കഠിനതടവ്, ഗൂഢാലോചനയ്ക്ക് 120 ബി പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷംരൂപ പിഴയും പിഴയൊടുക്കാത്തപക്ഷം ഒരുവര്‍ഷം കഠിനതടവ്, തെളിവു നശിപ്പിക്കലിന് വകുപ്പ് 201 പ്രകാരം അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം ഒരുവര്‍ഷം തടവ്, 203 പ്രകാരം ഒരുവര്‍ഷം തടവും 10,000 രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം ആറുമാസം തടവുമാണ് ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത്. 

202 വകുപ്പ് പ്രകാരം രണ്ടാംപ്രതിക്കുമാത്രം ബാധകമായ വിധിയുണ്ട്. അതുപ്രകാരം ആറുമാസം തടവും ആയിരംരൂപ പിഴയുമുണ്ട്. പിഴയായി ഈടാക്കുന്ന തുകയില്‍ രണ്ടുലക്ഷംരൂപ മരിച്ച സുരേഷിന്റെ പെണ്‍മക്കള്‍ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

2013 മാര്‍ച്ച് 17-നാണ് കേസിനാസ്​പദമായ സംഭവം. സുശീലയുടെ സഹോദരി പട്ടാഴി തെക്കേത്തേരിയിലുള്ള മണിയുടെ വീട്ടിലെത്തിലെത്തിയ സുരേഷിനെ സെല്‍വരാജ് തന്ത്രപരമായി ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി തെക്കേത്തേരിയിലുള്ള റബ്ബര്‍ പുരയിടത്തിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടു. പിന്നീട് സുരേഷിനെ കാണാനില്ലെന്ന് സുശീല കുന്നിക്കോട് പോലീസില്‍ പരാതി നല്‍കി.

സുരേഷിന്റെ തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പ്രതികള്‍ റബ്ബര്‍ തോട്ടത്തില്‍ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് ചാക്കിലാക്കി സെല്‍വരാജിന്റെ കാറില്‍ കയറ്റി തലവൂര്‍ കുര കെ.ഐ.പി. കനാലിന് സമീപമുള്ള റബ്ബര്‍ പുരയിടത്തിലെ ഒഴുക്കുചാലില്‍ കൊണ്ടിട്ടു. നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ സെല്‍വരാജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 48 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും 31 തൊണ്ടിമുതലുകളും കോടതി തെളിവായി സ്വീകരിച്ചു. സിഐ. ആര്‍.വിജയനായിരുന്നു കേസ് അന്വേഷിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.