Latest News

മാനസികമായി പീഡനം: നീതി കിട്ടുന്നില്ലെന്ന് കോൺഗ്രസ് വനിതാ പഞ്ചായത്ത് അംഗം

തൃക്കരിപ്പൂർ: മാനസികമായി പീഡിപ്പിച്ച പ്രാദേശിക നേതാവിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയ കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചുവെന്ന പരാതിയുമായി കോൺഗ്രസിന്റെ വനിതാ പഞ്ചായത്ത് അംഗം രംഗത്ത്.[www.malabarflash.com]

നീതി കിട്ടിയില്ലെങ്കിൽ രണ്ടു ദിവസത്തിനകം പരസ്യമായി രംഗത്തിറങ്ങുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന് നൽകിയ പരാതിയിൽ അറിയിച്ചു. പടന്ന പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.പി.റഷീദയാണ് കോൺഗ്രസിലെ ചില നേതാക്കളെ പ്രതിക്കൂട്ടിലാക്കി രംഗത്തു വന്നത്.

ആറു മാസം മുൻപു സമൂഹമധ്യത്തിൽ അവഹേളിക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്ത യുവ നേതാവിനെ സ്ഥാനങ്ങളിൽ നിന്നു നീക്കം ചെയ്യുമെന്ന് ഉറപ്പുനൽകിയിട്ടും ഡിസിസി–ബ്ലോക്ക്–മണ്ഡലം നേതൃത്വത്തിലെ ചില നേതാക്കൾ സംരക്ഷിക്കുകയാണെന്നും അനീതി കാട്ടിയവരെ സംരക്ഷിക്കുന്നതു കോൺഗ്രസിനു ചേർന്നതാണോയെന്നു വ്യക്തമാക്കാൻ നേതാക്കൾ തയാറാകണമെന്നും റഷീദ ആവശ്യപ്പെട്ടു.

അപമര്യാദയായി പെരുമാറിയ സംഭവത്തിനു പിന്നാലെ വീടിനു നേരെ അക്രമവും നടന്നു. ഇതോടെ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാൻ തുനിഞ്ഞ തന്നെ യുഡിഎഫ് ഇടപെട്ട് പിന്തിരിപ്പിക്കുകയും കാരണക്കാരനായ വ്യക്തിയെ സ്ഥാനങ്ങളിൽ നിന്നു നീക്കുമെന്നു നേതൃത്വം ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ, പ്രസ്തുത വ്യക്തിയെ സംരക്ഷിക്കുകയും പരാതിക്കാരിയോട് അനീതി കാട്ടുകയും ചെയ്യുകയാണെന്നു റഷീദ പറഞ്ഞു.

ഈ സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയ കെപിസിസി അധ്യക്ഷനെ നേരിൽ കണ്ട് പരാതി നൽകിയത്. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ നേതൃത്വം എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വലിനു നേരത്തേ തന്നെ പരാതി നൽകിയിരുന്നു.

സിപിഎമ്മിന്റെ കുത്തക വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറി ജയമാണ് റഷീദ നേടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.