Latest News

ദക്ഷിണാഫ്രിക്കയിൽ മലയാളിയെ അജ്ഞാതർ വെടിവച്ചുകൊന്നു

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ ഹോളി വേഡ് ഇംഗ്ലിഷ് ജൂനിയർ സ്കൂളിന്റെ ഉടമയും മലയാളിയുമായ അശോക് കുമാറിനെ (55) വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. നേമം കുതിരവട്ടത്തിൽ സുജാസിൽ വേലായുധൻ–ശാരദ ദമ്പതികളുടെ മകനാണ്.[www.malabarflash.com]

വീട്ടുവളപ്പിൽ കാറിനു സമീപം ബുധനാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്. ഉംറ്റാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ പടം സമൂഹ മാധ്യമങ്ങളിൽ വന്നതോടെയാണ് സുഹൃത്തുക്കൾ അശോകിനെ തിരിച്ചറിഞ്ഞത്. അടുത്ത ബന്ധുക്കളാണു നാട്ടിൽ വിവരം അറിയിച്ചത്.

വ്യാഴാഴ്ച മൂന്നേമുക്കാലിനു ജോലി കഴിഞ്ഞ് അടുത്തുള്ള കടയിൽനിന്നു ഭക്ഷണം വാങ്ങി ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്കു സ്വന്തം കാറിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നു പോലീസ് പറയുന്നു. 12 വർഷമായി അവിടെ താമസിക്കുന്ന ഇദ്ദേഹം വീടുമാറാനായി സാധനങ്ങൾ ഒരുക്കിവച്ചിരിക്കെയാണു സംഭവം.

കാറിൽ വരുന്ന വഴി അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നോ എന്നും സംശയമുണ്ട്.

ഇന്ത്യൻ വംശജനായ പോലീസ് മേധാവി നായിഡുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്ന കാര്യം തീരുമാനിക്കുകയുള്ളു. ഇതിനായി അവിടെയുള്ള ബന്ധുക്കളും മലയാളി സമാജം പ്രവർത്തകരും ശ്രമിച്ചുവരികയാണ്.

രണ്ടുവർഷം മുൻപാണു സ്കൂൾ ആരംഭിച്ചത്. സിവിൽ എൻജിനീയറായ അശോക് കുമാർ കൺസ്ട്രക്‌ഷൻ–കോൺട്രാക്ട് കമ്പനിയും നടത്തിയിരുന്നു. നാട്ടിലേക്ക് അടുത്തയാഴ്ച വരാനിരിക്കുകയായിരുന്നു. കഴിഞ്ഞ മേയിലാണ് അവസാനമായി നാട്ടിലെത്തിയത്. ബുധനാഴ്ച വീട്ടിൽ വിളിച്ചപ്പോൾ വീടുമാറുന്ന കാര്യം പറഞ്ഞിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.