Latest News

ഷാര്‍ജയില്‍നിന്ന് അവധിക്കുവന്ന പ്രവാസി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറപകടത്തില്‍ മരിച്ചു

തിരുവല്ല: ഷാര്‍ജയില്‍നിന്ന് അവധിക്കുവന്ന തിരുവല്ല സ്വദേശി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറപകടത്തില്‍ മരിച്ചു. കാവുംഭാഗം തെക്കേടത്ത് അവനീഷ്‌കുമാറാണ്(49) മരിച്ചത്.[www.malabarflash.com]

കാറില്‍നിന്നു തെറിച്ചുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ഒട്ടേറെ വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും സഹായിച്ചില്ല. അച്ഛനെ കാത്തിരുന്ന മകന്‍, മരണവാര്‍ത്തയറിയാതെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി.

എം.സി.റോഡില്‍ വടക്കടത്തുകാവ് നടയ്ക്കാവ് ജങ്ഷനില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഷാര്‍ജയില്‍നിന്ന് രാത്രി 2.45-നാണ് അവനീഷ്‌കുമാര്‍ തിരുവനന്തപുരത്തു വിമാനമിറങ്ങിയത്. ഇവര്‍ വന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

കാര്‍ റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചപ്പോള്‍ വാതിലിലൂടെ തെറിച്ചു പുറത്തേക്കുവീണ അവനീഷ്‌കുമാറിന്റെ തല റോഡിലിടിച്ചു. രക്തം വാര്‍ന്ന് 15 മിനിറ്റോളം റോഡില്‍ക്കിടന്ന അവനീഷ്‌കുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ ഇതുവഴിവന്ന വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ അടൂരില്‍നിന്ന് ആംബുലന്‍സ് വിളിച്ചുകൊണ്ടുവന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛന്‍ അപകടത്തില്‍ മരിച്ചതറിയാതെയാണ്, കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസില്‍ പഠിക്കുന്ന മകന്‍ അക്ഷയ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയത്. അപകടവിവരം വീട്ടുകാര്‍ അറിഞ്ഞെങ്കിലും പരീക്ഷയായതിനാല്‍ അക്ഷയില്‍നിന്നു മറച്ചുവയ്ക്കാന്‍ തീരുമാനിച്ചു. അധ്യാപകരെയും വിവരം ധരിപ്പിച്ചു. വ്യാഴാഴ്ചത്തെ പരീക്ഷ കഴിയുംവരെ മരണവിവരം മകനെ ധരിപ്പിക്കേണ്ടെന്നാണ് ബന്ധുക്കളുടെ തീരുമാനം. ബുധനാഴ്ചത്തെ പരീക്ഷ കഴിഞ്ഞ് ബന്ധുവിന്റെ വീട്ടിലേക്കാണ് അക്ഷയിനെ കൊണ്ടുപോയത്.

മസ്‌കറ്റില്‍ ജോലിയുണ്ടായിരുന്ന അവനീഷ്‌കുമാര്‍ ഷാര്‍ജയിലേക്കു മാറിയശേഷം ആദ്യമായാണ് വീട്ടിലേക്കു വരുന്നത്. അവനീഷിന്റെ അനുജന്‍ അശോക്കുമാര്‍, തിരുവഞ്ചൂര്‍ പുതിയാറ മോഹനന്‍, കാവുംഭാഗം തെക്കേടത്ത് ശ്യാം ശശികുമാര്‍, കുറിയന്നൂര്‍ കളത്തൂര്‍ വീട്ടില്‍ സന്തോഷ്‌കുമാര്‍ എന്നിവരാണ് പരിക്കേറ്റവര്‍.

പുറമറ്റം മുണ്ടപ്ലാക്കല്‍ കുടുംബാംഗം രാധാമണിയമ്മയാണ് ഭാര്യ. മകള്‍: അമൃത (കോതമംഗലം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി). 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.