Latest News

സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ നടക്കുന്നത് 34,390 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: റോഡ്, പാലം ഉള്‍പ്പെടെ 10,000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് ബജറ്റില്‍ അനുവദിച്ച തുക മാത്രമാണ്.[www.malabarflash.com] 

പൊതുമരാമത്ത് വകുപ്പ് മാത്രം 24390 കോടി രൂപയുടെ 561 നിര്‍മ്മാണ പ്രവര്‍ത്തികളും നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബിയിലൂടെയാണ് ഈ പണം കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ പാലമായ അച്ചാംതുരുത്തി-കോട്ടപ്പുറം പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു അദ്ദേഹം.
പശ്ചാത്തല സൗകര്യ വികസനത്തിന് ദീര്‍ഘകാല പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതാത് നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് അപകടാവസ്ഥയിലായ 155 പാലങ്ങളും കലിങ്കുകളും പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് രൂപം നല്‍കി വരുകയാണ്. 

നിര്‍മ്മാണത്തിലെ അപാകത മൂലമോ മേല്‍നോട്ടത്തിലെ വീഴ്ചയോ അശാസ്ത്രീയതയോ കാരണം റോഡുകളും പാലങ്ങളും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തകരുന്നുണ്ട്. ഇനി അത്തരം വീഴ്ചകള്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ജാഗ്രതയുള്ള സമീപനമാണ് പൊതുമരാമത്ത് വകുപ്പിന്റേത്.
അഴിമതിക്കെതിരെ വകുപ്പിന്റെത് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. നിക്ഷിപ്ത താല്‍പര്യക്കാര്‍ അഴിമതിയില്‍ നിന്ന് പിന്‍വാങ്ങുന്നുണ്ട്. അഴിമതി അത്രപെട്ടന്ന് ഇല്ലാതാകുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനേയും-നീലേശ്വരം മുന്‍സിപ്പാലിറ്റിയേയും ബന്ധിപ്പിച്ച് സ്റ്റിമുലസ് പാക്കേജിലുള്‍പ്പെടുത്തി തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന് 296.56 മീറ്റര്‍ നീളവും 11.23 മീറ്റര്‍ വീതിയുമുണ്ട്. അനുബന്ധ റോഡുകള്‍ക്ക് 210 മീറ്റര്‍ നീളവുമുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, മുന്‍ എംഎല്‍എ മാരായ കെ.കുഞ്ഞിരാമന്‍, കെ.പി സതീഷ് ചന്ദ്രന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രിതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.