Latest News

ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ കൂടിക്കാഴ്ച നടത്തിയശേഷം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.[www.malabarflash.com]

ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ദേശീയപാതാ വികസനം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രത്തെ അറിയിച്ചു. 

തലപ്പാടി ചെങ്ങള, ചെങ്ങള നീലേശ്വരം പാതയുടെ വികസന കാര്യത്തില്‍ ഭൂമിയുടെ വിലയാണ് പ്രശ്‌നമായത്. അവിടെ ഭൂമിക്ക് വില കൂടുതലാണെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. എന്നാല്‍ നിലവിലുള്ള വില വച്ചാണ് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തത്. 

ഇക്കാര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിരക്കാണ് കളക്ടര്‍ പരിഗണിച്ചത്. ഇതിനോട് മന്ത്രാലയം യോജിച്ചില്ല. ഇത് വിശദമായി ചര്‍ച്ച ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും നിര്‍ദേശങ്ങള്‍ പങ്കുവച്ചു, മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ കാര്യത്തില്‍ മുമ്പ് 59 പദ്ധതികളാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ മൂന്നെണ്ണം മാത്രമാണ് നടപ്പാക്കിയത്. 192 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നപ്പോള്‍ 18കിലോമീറ്റര്‍ മാത്രമാണ് അംഗീകരിച്ചത്. ഇക്കാര്യത്തില്‍ പുനര്‍ചിന്തനം വേണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഭൂമി ഏറ്റെടുത്തു നല്‍കിയാല്‍ ബാക്കി കാര്യങ്ങള്‍ നിര്‍വഹിക്കാമെന്നു കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയജലപാതാ വികസനത്തിന്റെ കാര്യത്തില്‍ കൊല്ലം കോഴിക്കോട് ഹോസ്ദുര്‍ഗ് പാത ബേക്കല്‍ വരെയും കോവളം വരെയും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളിന് സിയാലുമായി ചേര്‍ന്നു രൂപം നല്‍കും. 5000കോടി രൂപ ചെലവു വരും. ദേശീയജലപാതാ വികസനം ഇതു കൂടി ചേര്‍ത്താലേ പൂര്‍ത്തിയാകൂ. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പൂര്‍ണസമ്മതമാണുള്ളത്. 

കൊച്ചി നഗരത്തിലെ കനാലുകളുടെ നവീകരണത്തിനും തിരുവനന്തപുരം നഗരത്തിലെ റിംഗ്‌റോഡുകളുടെ വികസനത്തിനും വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.