Latest News

വയറുവേദനയ്ക്ക് ചികിത്സക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ വ്യാജ സിദ്ധന് 25 വര്‍ഷം കഠിന തടവ്

മഥുര: വിട്ടുമാറാത്ത വയറുവേദനയ്ക്ക് പരിഹാരം തേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വ്യാജ സിദ്ധന് 25 വര്‍ഷം കഠിന തടവിനു ശിക്ഷ. 25,000 രൂപ പിഴയും ചുമത്തി. പിഴ നല്‍കിയില്ലെങ്കില്‍ 27 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.[www.malabarflash.com] 

വയറുവേദന സുഖപ്പെടുമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ഇയാള്‍ മാനഭംഗപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു സംഭവം. മഥുര അഡീഷണല്‍ ജില്ലാ പ്രത്യേക അതിവേഗ കോടതി ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠിയാണ് ശിക്ഷ വിധിച്ചത്.

വയറുവേദനയ്ക്ക് പരിഹാരം തേടി തന്ത്രികാചര്യന്‍ ബാബ ദ്വാരകാദാസിന്റെ വൃന്ദാവനിലുള്ള ആശ്രമത്തിലെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. ഹത്രാസ് സ്വദേശിനിയാണ് ഇവര്‍. ഭര്‍ത്താവിനും നാലു വയസ്സുള്ള മകള്‍ക്കുമൊപ്പമാണ് യുവതി ആശ്രമത്തിലെത്തിയത്. 'രാത്രി പത്തുമണിക്ക് ദുഷ്ടശക്തിക്കെതിരായ ചികിത്സ നടത്താമെന്നും അതിനായി രണ്ടാം നിലയിലെ മുറിയില്‍ പോയിരിക്കാനും ദ്വാരകാദാസ് യുവതിയോട് നിര്‍ദേശിച്ചു.

ചികിത്സ നടക്കുമ്പോള്‍ കയ്യില്‍ കത്തിച്ച വിളക്കുമായി കെട്ടിടത്തിന്റെ പുറത്തുകൂടി ചുറ്റിനടക്കണമെന്ന് ഭര്‍ത്താവിനും നിര്‍ദേശം നല്‍കി. തീ പൂര്‍ണ്ണമായും കെട്ടശേഷമേ മടങ്ങിവരാവൂവെന്നും ഇയാളോട് പറഞ്ഞു. ഭര്‍ത്താവിനെ മുറിയില്‍ നിന്നും പുറത്താക്കിയ ശേഷം ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് യുവതിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. യുവതി എതിര്‍ത്തപ്പോള്‍ ഇത് 'ദുഷ്ടശക്തിയുടെ സ്വാധീനം കുറയ്ക്കാനുള്ള' ചികിത്സയുടെ ഭാഗമാണെന്നാണ് ദ്വാരകാദാസ് പറഞ്ഞതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രവീണ്‍ കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടി.

ഭര്‍ത്താവ് ഉറങ്ങിയ ശേഷവും ഇയാള്‍ യുവതിയെ മാനഭംഗപ്പെടുത്തി. കുടുംബത്തില്‍ നിന്നും ദുര്‍മരണം ഇല്ലാതാക്കാന്‍ ഇക്കാര്യം പുറത്തുപറയരുതെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ആശ്രമം വിട്ടശേഷം യുവതി മുഴുവന്‍ കാര്യങ്ങളും ഭര്‍ത്താവിനോട് പറഞ്ഞതോടെയാണ് വ്യാജസിദ്ധന്‍ അകത്തായത്.

വിചാരണ വേളയില്‍ യുവതി മൊഴി മാറ്റിയിരുന്നു. തന്നെ മറ്റാരോ ആണ് മാനഭംഗപ്പെടുത്തിയതെന്നായിരുന്നു അവര്‍ മൊഴിമാറ്റി പറഞ്ഞത്. എന്നാല്‍ പോലീസ് ഹാജരാക്കിയ തെളിവുകളുടെയും ഡോക്ടറുടെ മൊഴിയുടേയും യുവതിയുടെ മുന്‍ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. യുവതിയെ മാനഭംഗപ്പെടുത്തിയതിന് 20 വര്‍ഷം കഠിന തടവും ഭീഷണിപ്പെടുത്തിയതിന് നാലു വര്‍ഷവുമാണ് ശിക്ഷ നല്‍കിയിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.