Latest News

സിതാറാം യെച്ചൂരി വീണ്ടും സിപിഐഎം ജനറല്‍ സെക്രട്ടറി

ഹൈദരാബാദ്: തര്‍ക്കങ്ങളും അധികാരവടംവലിയും തടസ്സമായില്ല. സിപിഐഎം ജനറല്‍ സെക്രട്ടറിയായി സിതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ തുടരുന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിനത്തിലാണ് യെച്ചൂരിയെ വീണ്ടും പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.[www.malabarflash.com]

തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി ഈ പദത്തിലെത്തുന്നത്. കഴിഞ്ഞ തവണ വിശാഖപട്ടണം കോണ്‍ഗ്രസിലായിരുന്നു യെച്ചൂരി ആദ്യമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചത്.

91 അംഗങ്ങളുടെ പുതിയ കേന്ദ്രകമ്മറ്റിക്കും പാര്‍ട്ടി കോണ്‍ഗ്രസ് രൂപം നല്‍കി. പത്ത് പുതുമുഖങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ സിസി. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ പുതുതായി കമ്മറ്റിയിലെത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എവി ഗോവിന്ദന്‍, സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ എന്നിവരാണ് പുതുതായി കേന്ദ്രകമ്മറ്റിയിലെത്തിയിരിക്കുന്നത്. 

പികെ ഗുരുദാസനാണ് കേരളത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരംഗം. 80 വയസ് മാനദണ്ഡപ്രകാരമാണ് 82 കാരനായ ഗുരുദാസനെ ഒഴിവാക്കിയത്.

അതേസമയം, എസ് രാമചന്ദ്രന്‍ പിള്ള കേന്ദ്രകമ്മറ്റിയില്‍ തുടരും. 80 വയസ് കഴിഞ്ഞെങ്കിലും കാരാട്ട് പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എസ്ആര്‍പിയെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

സുപ്രകാശ് ഠാക്കൂര്‍, അരുണ്‍ കുമാര്‍ മിശ്ര, കെഎം തിവാരി, കെ രാധാകൃഷ്ണന്‍, എംവി ഗോവിന്ദന്‍, ജസ്വീന്ദര്‍ സിംഗ്, ജെപി ഗാവിത്, ജി നാഗയ്യ, തപന്‍ ചക്രവര്‍ത്തി, ജിതിന്‍ ചൗധരി എന്നിവരാണ് കേന്ദ്രകമ്മറ്റിയിലെ പുതുമുഖങ്ങള്‍. 91 സ്ഥിരാംഗങ്ങള്‍ക്ക് പുറമെ നാല് പ്രത്യേക ക്ഷണിതാക്കളും പുതിയ കേന്ദ്രകമ്മറ്റിക്ക് ഉണ്ടാകും. വിഎസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും. പശ്ചിമബംഗാളില്‍ നിന്ന് മൂന്ന് പേരെ ഒഴിവാക്കി അത്രയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.