Latest News

ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരന്‍

ജയ്പുർ: പതിനാറുകാരിയെ ആശ്രമത്തിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ വിവാദ ആള്‍ദൈവം ആശാറആം ബാപ്പു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ജോധ്പൂർ പ്രത്യേക കോടതിയുടേതാണ് വിധി.[www.malabarfash.com] 

അനുയായികൾ അക്രമം അഴിച്ചുവിടുമെന്ന റിപ്പോർട്ടിനെ തുടർന്ന പോലീസിന്റെ അപേക്ഷ പ്രകാരം പ്രത്യേക കോടതി ജയിലിൽ വച്ചുതന്നെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജോധ്പൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആശാറാം ബാപ്പുവിനോടൊപ്പം കൂട്ടുപ്രതികളായ രണ്ടുപേർ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എല്ലാവരുടേയും ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

വിവാദ സ്വാമിയുടെ പീഡനക്കേസിൽ വിധിവരുന്നതോടെ അനുയായികൾ അക്രമത്തിലേക്ക് തിരിയുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വന്ന സാഹചര്യത്തൽ ജോധ്പൂരിൽ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഇതോടെയാണ് ആശാറാമിനെ തടവിലാക്കിയിരിക്കുന്ന ജോധ്പുർ സെൻട്രൽ ജയിലിൽ വച്ചുതന്നെ വിചാരണക്കോടതി വിധി പ്രസ്താവിച്ചത്. ജോധ്പൂർ നഗരത്തിൽ 21ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ ശക്തമാക്കി.

ഉത്തർപ്രദേശിലെ സഹാറൻപുരിൽ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തിൽ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ ആശാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളിൽ ഒൻപതു പേർ ആക്രമിക്കപ്പെടുകയും മൂന്നുപേർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കു നേരേ പോലും വധഭീഷണി ഉയർന്നു. 

ആശാറാമിനെ സംരക്ഷിക്കാൻ ഭരണകൂടം കൂട്ടുനിൽക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെയാണ് വിധി വരുന്നത്. ഗുജറാത്തിലെ സൂറത്തിൽ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകൻ നാരായൺ സായിക്കുമെതിരെ വേറെ കേസുകളുമുണ്ട്.

കഴിഞ്ഞവർഷം പീഡനക്കേസുകളിൽ പെട്ട് അകത്തായ ദേരാ സച്ച സൗധ തലവൻ ഗുർമീത് സിങ്ങിന്റെ കാര്യത്തിലെന്ന പോലെ വിപുലമായി അനുയായികളുണ്ട് വിവാദസ്വാമി ആശാറാമിനും. ഗുർമീതിനെ ശിക്ഷിച്ച ദിവസം അനുയായികൾ ഹരിയാനയിലെ പഞ്ച്കുലയിൽ 35 പേരുടെ മരണത്തിന് ഇടയാക്കിയ വൻ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതു കണക്കിലെടുത്തു ആശാറാമിന്റെ വിധി പ്രസ്താവം ജയിലിനകത്തുതന്നെ ആക്കുകയായിരുന്നു. പോലീസ് നൽകിയ ഹർജിയിലാണു ഹൈക്കോടതി ജയിലിനുള്ളിൽ തന്നെ വിധി പ്രഖ്യാപിക്കാൻ അനുമതി നൽകിയത്. 

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളോടു സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.