Latest News

കണക്കുപരീക്ഷയ്ക്ക് കോട്ടയത്തെ വിദ്യാർഥിനിക്കു ലഭിച്ചത് രണ്ടു കൊല്ലം മുൻപത്തെ ചോദ്യക്കടലാസ്

കോ‌ട്ടയം: സിബിഎസ്‌ഇ പത്താം ക്ലാസ് കണക്കു പരീക്ഷ എഴുതിയ കോട്ടയത്തെ വിദ്യാർഥിനിക്കു ലഭിച്ചത് സഹോദരൻ രണ്ടു വർഷം മുൻപ് എഴുതിയ പരീക്ഷയുടെ അതേ ചോദ്യക്കടലാസ്.[www.malabarflash.com] 

മാർച്ച് 28നു നടന്ന പരീക്ഷ എഴുതിയ കുമ്മനം ചാത്തൻകോട്ടുമാലിൽ കൊച്ചുവാഴയിൽ എച്ച്.സലീമിന്റെ മകളും മൗണ്ട് കാർമൽ വിദ്യാനികേതനിലെ വിദ്യാർഥിനിയുമായ അമീയയ്ക്കാണ് 2016 ൽ ജ്യേഷ്ഠൻ അൽത്താഫിനു ലഭിച്ച അതേ ചോദ്യക്കടലാസ് കിട്ടിയത്. 

പരീക്ഷ എഴുതി മടങ്ങും വഴിയാണു തനിക്കു ലഭിച്ചതു പഴയ ചോദ്യപേപ്പറാണെന്ന് അമീയ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സ്കൂളിലെത്തി ഗണിത ശാസ്ത്ര അധ്യാപികയെ അറിയിച്ചു.
ഇതു സംബന്ധിച്ച് സ്കൂളിൽ നിന്നു തിരുവനന്തപുരം സിബിഎസ്ഇ റീജനൽ ഓഫിസിൽ പരാതി നൽകിയെങ്കിലും മറുപടിയൊന്നുമില്ല. വടവാതൂർ നവോദയ സെന്ററായിരുന്നു അമീയയുടെ പരീക്ഷാ കേന്ദ്രം. 

പരീക്ഷ കഴിഞ്ഞു മടങ്ങും വഴി ബസിലിരുന്നു മറ്റു കുട്ടികൾ ചോദ്യക്കടലാസ് ചർച്ച ചെയ്യുന്നതിനിടെയാണ് തനിക്കു കി‌ട്ടിയതു മാറിയ വിവരം അമീയ അറിയുന്നത്. ഈ വർഷത്തെ ചോദ്യക്കടലാസിന്റെ സീരീസ് നമ്പർ ടിവൈഎം ആയിരുന്നു. അമീയയ്ക്കു ലഭിച്ചതു രണ്ടു വർഷം മുൻപു നടന്ന ജെഎസ്ആർ എന്ന സീരീസ് നമ്പറിലുള്ളത്.
സമ്മേറ്റീവ് അസെസ്മെന്റ് രീതിയിൽ പാഠഭാഗങ്ങളെ രണ്ടായി തിരിച്ചായിരുന്നു കഴിഞ്ഞ വർഷം വരെ സിബിഎസ്ഇ പരീക്ഷ നടത്തിയിരുന്നത്. ഈ വർഷം മുതൽ അതു നിർത്തലാക്കി ഒറ്റപരീക്ഷയാണ്. അമീയയ്ക്കു ലഭിച്ച ചോദ്യക്കടലാസിൽ സമ്മേറ്റീവ് അസെസ്മെന്റ് എന്ന് എഴുതിയിരുന്നത് ആരും ശ്രദ്ധിച്ചില്ലെന്നതിലും ദുരൂഹതയുണ്ട്. 

കേരളത്തിൽ തന്നെ സെന്റർ അനുവദിച്ചു വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുകയോ താൻ എഴുതിയ ചോദ്യക്കടലാസ് ഉപയോഗിച്ചു മൂല്യനിർണയം നടത്തുകയോ വേണമെന്നാണ് അമീയയുടെ ആവശ്യം.
കെട്ടുകളായി തയാറാക്കിവച്ചിരുന്ന ചോദ്യപേപ്പറുകളിൽ നിന്ന് ഒന്നെടുത്തു മാറ്റിയ എണ്ണം തികയ്ക്കാനായി പകരം വച്ച പഴയ ചോദ്യക്കടലാസാകാം അമീയയ്ക്കു ലഭിച്ചതെന്ന സംശയം ബന്ധുക്കൾ പ്രകടിപ്പിക്കുന്നു. കോടതിയെയും പോലീസിനെയും സമീപിക്കാനാണ് ഇവരുടെ തീരുമാനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.