ചെറുവത്തൂര്‍: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മംഗ്ളൂരുവിലേയ്ക്ക് മാറ്റി.[www.malabarflash.com]
വധശ്രമത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി ചന്തേര പോലീസിന് കൈമാറി. വലിയപറമ്പ, മാടക്കാല്‍, സെന്റര്‍ ബോട്ട്ജെട്ടിക്ക് സമീപത്തെ ഗംഗാധരന്റെ മകള്‍ മോറിയ (30)യാണ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
മോറിയയും മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനുമായ ബേക്കലിലെ സുജിത്ത് അരവിന്ദനും (40) എട്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് മോറിയ സ്വന്തം വീട്ടിലായിരുന്നു താമസം. ദാമ്പത്യ ബന്ധം തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മോറിയ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച അന്തിമ നടപടി ഉണ്ടാകാനിരിക്കെയാണ് മോറിയയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
രണ്ടരവര്‍ഷത്തിന് ശേഷം സുജിത്ത് അരവിന്ദന്‍ അടുത്തിടെയാണ് അവധിയില്‍ നാട്ടിലെത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഭാര്യയുടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് മോറിയയും മാതാവ് മഹിജയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ അതിക്രമിച്ചു കയറിയ സുജിത്ത് അരവിന്ദന്‍ ഭാര്യയുടെ കൈപിടിച്ച് വലിച്ചു കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച ശേഷം ഇറങ്ങിയോടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മോറിയയുടെ നിലവിളികേട്ടാണ് മാതാവ് മഹിജ മുറിയിലെത്തിയത്. ഈ സമയത്ത് ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു മോറിയ. നിലവിളികേട്ട് അയല്‍ക്കാരെത്തി ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലും അവിടെ നിന്നും പരിയാരത്തേക്കും കൊണ്ടുപോയി. സ്ഥിതി അതീവ ഗുരുതരമായതിനാല്‍ രാത്രി തന്നെ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
വധശ്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുജിത്ത് അരവിന്ദനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.അക്രമം നടത്തുന്ന സമയത്ത് ഇയാള്‍ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പുതിയ കത്തിയും വാങ്ങിയാണ് പ്രതി മാടക്കാലില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരുന്നു.
വിവാഹ മോചനമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാത്തതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന മോറിയയില്‍ നിന്ന് മൊഴിയെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
No comments:
Post a Comment