Latest News

കിടക്ക പങ്കിടല്‍: സിനിമയില്‍ മാത്രമല്ല, പാര്‍ലമെന്റും മോശമല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി

സിനിമാ മേഖലയില്‍ കത്തിപ്പടര്‍ന്ന കാസ്റ്റിങ് കൗച്ച് വിവാദത്തില്‍ പരാമര്‍ശവുമായി മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേണുക ചൗധരി.[www.malabarflash.com]

കിടക്കല്‍ പങ്കിടല്‍ ബോളിവുഡില്‍ മാത്രമല്ലെന്ന് രേണുക ചൗധരി പറഞ്ഞു. കിടക്ക പങ്കിടല്‍ ചൂഷണമല്ലെന്ന് നൃത്ത സംവിധായിക സരോജ് ഖാന്‍ പറഞ്ഞതിന് പിന്നാലെയാണ് മുന്‍മന്ത്രിയുടെ പരാമര്‍ശം.

കിടക്കല്‍ പങ്കിടല്‍പോലെയുള്ള പ്രശ്‌നങ്ങള്‍ ബോളിവുഡില്‍ മാത്രമല്ല ഉള്ളത്. അത് എല്ലായിടത്തുമുണ്ട്്. എന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യത്തില്‍ പാര്‍ലമെന്റും അതുപോലെ മറ്റ് തൊഴിലിടങ്ങളും ഭേദമാണെന്ന് കരുതരുതെന്നും രാജ്യസഭാംഗവുമായ രേണുക ചൗധരി പറഞ്ഞു.

സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ ന്യായീകരിച്ച് നൃത്ത സംവിധായിക സരോജ്ഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കാസ്റ്റിങ് കൗച്ച് ഒരു പ്രശ്‌നമല്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് വരുമാനം കിട്ടാനുള്ള മാര്‍ഗ്ഗമാണെന്നും സരോജ്ഖാന്‍ പറഞ്ഞു.

സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് വരികയായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന നൃത്ത സംവിധായികയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തിരുത്തലുമായി അവര്‍ രംഗത്തെത്തുകയായിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും സരോജ് ഖാന്‍ പറഞ്ഞിരുന്നു.

‘സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. കാസ്റ്റിങ് കൗച്ച് ഒരു ചൂഷണമല്ല. അതിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്നുമായിരുന്നു സരോജ് ഖാന്റെ പരാമര്‍ശം. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു സരോജ് ഖാന്റെ പ്രതികരണം.

‘ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു. ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാറിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്. കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണ്’ സരോജ് ഖാന്‍ പറഞ്ഞു. എന്നാല്‍ വിവാദമായതോടെ മാപ്പപേക്ഷയോടെ അവര്‍ രംഗത്തെത്തി. അതിന് പിറകെയാണ് യു.പി.എ സര്‍ക്കാരില്‍ വനിതാശിശുക്ഷേമ, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്ത രേണുക ചൗധരിയുടെ വിവാദപരാമര്‍ശവും ഉണ്ടാവുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.