Latest News

പുതുതലമുറ ലഹരി മരുന്നുകളുമായി കാസര്‍കോട് സ്വദേശിയും യുവതിയും പിടിയില്‍

കൊച്ചി: ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ മൂന്നുപേർ കൊച്ചി സിറ്റി ഷാഡോ ​പോലീസിന്റെ പിടിയിലായി. കാസർകോട്​ നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാൽ (32), എറണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), കണ്ണൂർ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരാണ് പിടിയിലായത്.[www.malabarflash.com] 

ഇതിൽ ബിലാലും ഗ്രീഷ്മയും താമസിക്കുന്ന ചിലവന്നൂർ ബണ്ട് റോഡിലെ വാടകവീട്ടിൽനിന്ന്​ കൊക്കെയിൻ, ഹഷീഷ്, കഞ്ചാവ്, രണ്ട് ഗ്രാം വീതമുള്ള നിരവധി പാക്കറ്റ് എം.ഡി.എം.എ, എൽ.എസ്​.ഡി സ്​റ്റാമ്പുകൾ, എക്റ്റസി പിൽസ് ഗുളികകൾ തുടങ്ങിയ ന്യൂ ജൻ കെമിക്കൽ ഡ്രഗുകളും കണ്ടെടുത്തു. 

ലഹരിമരുന്ന് മാഫിയക്കെതിരെ സിറ്റി പോലീസ് കമീഷണർ എം.പി. ദിനേശി​ന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക ഓപറേഷൻ ‘ഡസ്​റ്ററി’​​ന്റെ ഭാഗമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.

ദമ്പതികൾ എന്ന രീതിയിൽ ചിലവന്നൂരിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഗോവയിലെ അന്താരാഷ്​ട്ര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. 

നഗരത്തിലെ ലഹരി ഉപഭോക്താക്കൾക്ക്​ ന്യൂ ജൻ കെമിക്കൽ ഡ്രഗുകൾ എത്തിക്കുന്നതിലെ പ്രമുഖ കണ്ണികളാണ് ബിലാലും ഗ്രീഷ്മയും. രണ്ടാഴ്ച കൂടുമ്പോൾ ഗോവയിൽനിന്ന്​ ശേഖരിക്കുന്ന ലഹരിമരുന്നുകൾ വിമാനമാർഗമാണ്​ ഇവർ എത്തിച്ചിരുന്നത്. ഇവർക്ക് കഞ്ചാവും ഹഷീഷും എത്തിച്ചുനൽകിയിരുന്നത് ചിഞ്ചു മാത്യു ആയിരുന്നു.

കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന്​ പിടിയിലാകുമ്പോൾ അര കിലോയിലധികം കഞ്ചാവ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ഒന്നര വർഷം മുമ്പ്​ രണ്ടുകിലോ കഞ്ചാവുമായി ഇയാളെ ഷാഡോ സംഘം പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഹഷീഷും കഞ്ചാവും എത്തിക്കുന്ന പണി തുടരുകയായിരുന്നു. 

ഷാഡോ എസ്.ഐ ഫൈസൽ, മരട് അഡീഷനൽ എസ്.ഐ ശേഖരപിള്ള, തൃക്കാക്കര എസ്.ഐ ഷാജു, സി.പി.ഒമാരായ അഫ്സൽ, വിനോദ്, ജയരാജ്, സന്ദീപ്, സനോജ്, പ്രശാന്ത്, ഷൈമോൻ, സുനിൽ, രഞ്ജിത്ത്, ശ്യാം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.