Latest News

ദുബൈയില്‍ നിന്നും ചെന്നൈയിലേക്ക് കടത്തിയ മൂന്ന് ലക്ഷം ലിറ്റര്‍ ഡീസല്‍ പിടിച്ചെടുത്തു

ചെന്നൈ: ദുബൈയില്‍നിന്ന് ഡീസല്‍ കടത്തുന്ന സംഘത്തിലെ നാല് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) പിടികൂടി. ചെന്നൈ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച മൂന്ന് ലക്ഷം ലിറ്റര്‍ ഡീസലും പിടിച്ചെടുത്തു. ഇതിന് ഒരു കോടിയിലേറെ രൂപ വില വരും.[www.malabarflash.com] 

ദുബൈയില്‍ നിന്ന് ഡീസല്‍ കടത്തി ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വില്‍പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 14 കണ്ടെയ്‌നറുകളില്‍ നിന്നായാണ് ഡീസല്‍ പിടിച്ചെടുത്തത്.

ചെന്നൈയിലെയും ഹൈദരാബാദിലെയും ഡി.ആര്‍.ഐ. സംഘങ്ങളുടെ നേതൃത്വത്തില്‍ ചെന്നൈയിലും കാകിനാഡയിലും അടക്കം 12 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. ഹവാല ഇടപാടുകാരന്‍ അടക്കം നാലു പേരാണ് അറസ്റ്റിലായത്. നികുതിയില്ലാതെ ദുബൈയില്‍ നിന്ന് ഡീസല്‍ കൊണ്ടുവന്ന് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വില്‍ക്കുകയാണ് കടത്തല്‍ സംഘത്തിന്റെ രീതിയെന്ന് ഡി.ആര്‍.ഐ. അധികൃതര്‍ പറഞ്ഞു.

ചെന്നൈ മറൈമലൈനഗറില്‍ ഡീസല്‍ സൂക്ഷിക്കാനായി പ്രത്യേക സൗകര്യവുമുണ്ട്. ഗിണ്ടിയില്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. ദുബൈയില്‍നിന്ന് ഡീസല്‍ വാങ്ങുന്നതിനും മറ്റുമായി അവിടെ വ്യാജ കമ്പനിയുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കടത്തലിനുള്ള പണം കൈമാറിയിരുന്നത് ഹവാല ഇടപാടിലൂടെയായിരുന്നു. 

ഇതിനകം 17.7 കോടി രൂപയോളം വിലമതിക്കുന്ന 63 ലക്ഷം ലിറ്റര്‍ ഡീസല്‍ ഇവര്‍ കടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡി.ആര്‍.ഐ. അധികൃതര്‍ തയ്യാറായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.