Latest News

പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും രണ്ടു മക്കളും മുങ്ങിമരിച്ചു

പുൽപള്ളി: കബനി പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും രണ്ടു മക്കളും മുങ്ങിമരിച്ചു. കബനിഗിരി ചക്കാലക്കൽ സ്​കറിയ (ബേബി-54), മക്കളായ അജിത്ത് (20), ആനി (18) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ഇവർക്കൊപ്പമുണ്ടായിരുന്ന സ്കറിയയുടെ ബന്ധുക്കളായ പെരിക്കല്ലൂർ പുളിമൂട്ടിൽ മത്തായിയുടെ മക്കൾ സെലിൻ, മിഥുല, ബന്ധു അലീന എന്നിവരെ പരിക്കുകളോടെ പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിട്ട. ആർമി ഉദ്യോഗസ്ഥനായ സ്കറിയ കർഷകനാണ്. മകൾ ആനി അടിവാരം കൈതപ്പൊയിൽ ലിസ കോളജിൽ രണ്ടാം വർഷ ബിരുദവിദ്യാർഥിനിയാണ്.

കബനി നദിയുടെ മരക്കടവ് മഞ്ഞാടിക്കടവിൽ ബുധനാഴ്ച വൈകീട്ട്​ നാലുമണിയോടെയായിരുന്നു ദുരന്തം. അവധിക്കാലം ചെലവഴിക്കാനെത്തിയ ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ബേബിയും മക്കളും. അധികം നീരൊഴുക്കില്ലാത്ത സ്ഥലത്തെ പാറക്കെട്ടിന് മുകളിൽ ഉല്ലസിക്കുന്നതിനിടെ ആനി പുഴയിലേക്ക് കാൽവഴുതി വീണു. രക്ഷപ്പെടുത്താൻ അച്ഛനും ആനിയുടെ സഹോദരനും പുഴയിലേക്ക്​ ചാടി. പുഴയിലെ ആഴംനിറഞ്ഞ സ്ഥലമായിരുന്നു ഇത്.

സംഭവസ്​ഥലത്തുതന്നെ ബേബി മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മക്കളുടെ മരണം. മൃതദേഹങ്ങൾ പുൽപള്ളി എസ്.​എച്ച്.ഒ റെജീനയുടെ നേതൃത്വത്തിൽ ഇൻക്വസ്​റ്റ് ചെയ്തു. പോസ്​റ്റ്​മോർട്ടത്തിന്​ മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്കറിയയുടെ ഭാര്യ: ലിസി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.