Latest News

മദ്രസ്സയിലേക്ക് പോവുകായിരുന്ന കുട്ടിയെ സ്‌കൂട്ടറിലെത്തിയ സ്ത്രീ തട്ടികൊണ്ടുപോയി ആഭരണം കവർന്ന ശേഷം ഉപേക്ഷിച്ചു

തിരൂരങ്ങാടി: രാവിലെ മദ്രസയിലേക്കു പോകുംവഴി കാണാതായ പെൺകുട്ടിയെ മണിക്കൂറുകൾക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു കണ്ടെത്തി. സ്കൂട്ടറിലെത്തിയ യുവതി തട്ടിക്കൊണ്ടു പോയി ആഭരണം കവർന്ന ശേഷം ഉപേക്ഷിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്.[www.malabarflash.com] 

ചെമ്മാട് കൊടിഞ്ഞിയിലെ ഏഴുവയസ്സുകാരിയെയാണു കാണാതായത്. നമ്പറെഴുതാത്ത വെള്ള സ്കൂട്ടറിലെത്തിയ, പർദ ധരിച്ച യുവതി വീടിനു മുൻപിൽനിന്നു തട്ടിക്കൊണ്ടു പോയെന്നാണ് പറയുന്നത്. യുവതിയുടെയും സ്കൂട്ടറിന്റെയും ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽനിന്നു ലഭിച്ചിട്ടുണ്ട്.

രാവിലെ 6.50ന് വീടിനടുത്തുള്ള മദ്രസയിലേക്ക് പോയതായിരുന്നു. 8.30ന് മദ്രസ വിട്ടിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടി മദ്രസയിലെത്തിയിട്ടില്ലെന്നറിയുന്നത്. വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

കുട്ടി ബസ് സ്റ്റോപ്പിനടുത്തുള്ള വിവരം രാവിലെ പത്തോടെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തുനിന്ന് ഒരാൾ പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇയാൾ കുട്ടിയെ മെഡിക്കൽ കോളജ് പോലീസിൽ ഏൽപിച്ചു. തുടർന്ന് രക്ഷിതാക്കളെത്തി ഏറ്റെടുത്തു.

സംഭവത്തെ പറ്റി കുട്ടി പറയുന്നത്: ഉമ്മ ബാങ്കിലുണ്ടെന്നും കൂടെ വരാനും സ്കൂട്ടറിലെത്തിയ സ്ത്രീ ആവശ്യപ്പെട്ടു. തയാറാകാതിരുന്നപ്പോൾ ബലമായി സ്കൂട്ടറിൽ പിടിച്ചിരുത്തി. വെഞ്ചാലി, പന്താരങ്ങാടി വഴി കൊണ്ടുപോയി. വഴിയിൽ ഒരു കടയിലെത്തി കയ്യിലെ വള മുറിച്ചെടുത്തു.

പിന്നീടു കുറേ പോയ ശേഷം ബസിൽ കയറ്റി. കോഴിക്കോട് മെഡിക്കൽ കോളജിന് മുൻപിലെ ബസ് സ്റ്റോപ്പിൽ നിർത്തിയ ശേഷം ഇപ്പോൾ വരാമെന്നു പറഞ്ഞു സ്ത്രീ പോകുകയായിരുന്നു. ഏറെ നേരമായി തനിച്ചു നിൽക്കുന്നത് കണ്ട് ദേവദാസ് എന്നയാൾ കുട്ടിയോട് കാര്യം തിരക്കി. ഇയാളോട് കാര്യം പറഞ്ഞപ്പോൾ പിതാവിന്റെ നമ്പർ വാങ്ങി വിളിച്ചറിയിക്കുകയായിരുന്നു.

മുക്കാൽ പവന്റെ വളയാണ് നഷ്ടപ്പെട്ടത്. പിതാവ് പോലീസിൽ പരാതി നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.