Latest News

വിവാഹ ദിവസം മുങ്ങിയ പ്രതിശ്രുത വരന്‍ തിരിച്ചെത്തി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിയും കുടുംബവും കോടതിയില്‍

കാസര്‍കോട്: വിവാഹ ദിവസം നാടകീയമായി അപ്രത്യക്ഷനായ പ്രതിശ്രുത വരന്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വീട്ടില്‍ തിരിച്ചെത്തി. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ സുരേഷ് (32) ആണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്.[www.malabarflash.com] 

സുരേഷിന്റെയും മധൂര്‍ സ്വദേശിനിയായ യുവതിയുടേയും വിവാഹം ഏപ്രില്‍ ഒന്നിന് നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു. തലപ്പാടിയിലെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനുവേണ്ട ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടെയാണ് സുരേഷിനെ കാണാതായത്. 

വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനുണ്ടെന്ന് പറഞ്ഞ് മാര്‍ച്ച് 29ന് സുരേഷ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു.  പിന്നീട് സുരേഷ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലും സുരേഷിനെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലമില്ലാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. 

പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സുരേഷ് വീട്ടില്‍ തിരിച്ചെത്തിയത്. തനിക്ക് വിവാഹത്തില്‍ താല്‍പര്യം തോന്നാതിരുന്നതിനെ തുടര്‍ന്നാണ് നാടുവിട്ടതെന്നും ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സുരേഷ് പോലീസിനോട് പറഞ്ഞു. 

അതിനിടെ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട മധൂരിലെ യുവതിയും വീട്ടുകാരും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാസര്‍കോട് നീതിന്യായ കോടതിയെ സമീപിച്ചു. വിവാഹത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ഓഡിറ്റോറിയം ബുക്ക് ചെയ്ത് വാടക നല്‍കുകയും ചെയ്തടക്കം ഇതിനകം ഒന്നര ലക്ഷത്തോളം രൂപ ചെലവായെന്നും തങ്ങള്‍ക്കുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും ഉത്തരവാദികളായ സുരേഷിനും വീട്ടുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പാവപ്പെട്ട കുടുംബത്തിലെ അംഗമായ മധൂരിലെ യുവതിക്കൊപ്പം മാതാവ് മാത്രമാണ് താമസം. നിര്‍ധന കുടുംബമായതിനാല്‍ ഈ വിവാഹം നടത്തിക്കൊടുക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു. അതിനിടെയാണ് പ്രതിശ്രുതവരന്‍ അപ്രതീക്ഷിതമായി പിന്മാറിയത്. 

കൂലിത്തൊഴിലാളിയായ സുരേഷ് മുമ്പ് വിവാഹിതനായിരുന്നു. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സുരേഷ് രണ്ടാം വിവാഹത്തിനൊരുങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.