Latest News

ഭക്ഷണംകഴിക്കാന്‍പോലും പണമില്ല; മറുനാടന്‍ തൊഴിലാളി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

കൊണ്ടോട്ടി: ഭക്ഷണംകഴിക്കാന്‍പോലും പണമില്ലാതെ പ്രയാസത്തിലായ മറുനാടന്‍ തൊഴിലാളി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.[www.malabarflash.com]

ഒഡിഷയിലെ നവരംഗപൂര്‍ ദേവരഗുഡ സ്വദേശി മഹിറാം കലാന്‍ (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പട്ടിണിയിലായ കാര്യം നാട്ടുകാരായ രണ്ടുപേരെക്കണ്ട് പറഞ്ഞിട്ടും അവര്‍ സഹായിക്കാതെ പരിഹസിച്ചതോടെ ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ പോലീസ് ആര്‍ക്കുമെതിരേ കേസെടുത്തിട്ടില്ല.

തുറയ്ക്കലില്‍നിന്ന് കൊളത്തൂരിലേക്കുള്ള ഇടറോഡില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴുത്തിന് മുറിവേറ്റ യുവാവ് റോഡില്‍ വീണുകിടക്കുന്നതും രണ്ടുപേര്‍ ഓടി രക്ഷപ്പെടുന്നതും കണ്ട നാട്ടുകാര്‍ ഉടന്‍ പോലീസില്‍ അറിയിച്ചു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ ആസ്​പത്രിയിലെത്തിക്കുന്നതിനും നാട്ടുകാര്‍ മുന്നിട്ടിറങ്ങി. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ച മഹിറാം കലാന് ബോധം തെളിഞ്ഞതോടെയാണ് ആത്മഹത്യാശ്രമം വെളിപ്പെട്ടത്. 

മൂന്നുദിവസമായി ഭക്ഷണംകഴിക്കാന്‍പോലും ഗതിയില്ലാതെ വന്നപ്പോള്‍ താന്‍ ആത്മഹത്യയ്ക്കു ശ്രമിയ്ക്കുകയായിരുന്നെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞു.




മൂന്ന് മാസത്തിനിടെയാണ് മഹിറാംകലാന്‍ കേരളത്തില്‍ പണിക്കെത്തിയത്. നിര്‍മാണത്തൊഴിലാളിയായ യുവാവ് തിരൂരങ്ങാടി കൊടിഞ്ഞി ഭാഗങ്ങളിലാണ് പണി ചെയ്തിരുന്നത്. പണിയില്ലാതായതോടെ മൂന്ന് ദിവസമായി പട്ടിണിയിലായി. നാട്ടുകാരായ രണ്ടുപേരെ കണ്ട് സഹായം തേടാന്‍ കൊണ്ടോട്ടിയിലെത്തി. ദൈന്യം അറിയിച്ചിട്ടും അവഗണിച്ച് പരിഹസിച്ചതോടെ ഇവരുടെ മുന്നില്‍െവച്ച് സ്വയം കഴുത്തറുക്കുകയായിരുന്നെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. കഴുത്തിലെ രക്തക്കുഴല്‍ മുറിഞ്ഞ യുവാവ് അപകടനില തരണംചെയ്ത് ആസ്​പത്രിയില്‍ സുഖം പ്രാപിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.