Latest News

ദേശീയപാത സ്ഥലമേറ്റെടുപ്പ്: മലപ്പുറത്ത് ലാത്തിച്ചാർജ്

തിരൂരങ്ങാടി: ദേശീയപാത വികസനത്തിന് സ്‌ഥലമേറ്റെടുക്കുന്നതിനായി എആർ നഗർ വലിയപറമ്പിൽ നടത്തിയ സർവേ പ്രദേശവാസികളും പോലീസും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. പോലീസും നാട്ടുകാരും പരസ്പരം കല്ലെറിഞ്ഞു. പോലീസ് ലാത്തിവീശി. ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു.[www.malabarflash.com]

25 നാട്ടുകാർക്കും ഡിവൈഎസ്പി ഉൾപ്പെടെ 19 പോലീസുകാർക്കും പരുക്കേറ്റു. കോഴിക്കോട് – തൃശൂർ പാതയിൽ നാലുമണിക്കൂറോളം ഗതാഗതം നിലച്ചു. സംഘർഷവും കലക്ടറേറ്റിൽ കെ.എൻ.എ.ഖാദർ എംഎൽഎ നടത്തിയ കുത്തിയിരിപ്പ് സമരവും കണക്കിലെടുത്ത് വേങ്ങര മണ്ഡലത്തിൽപെടുന്ന എആർ നഗർ അരീത്തോട്ടിലെ സർവേ 11ന് നടക്കുന്ന സർവകക്ഷിയോഗം വരെ നിർത്തിവച്ചു.

മറ്റിടങ്ങളിൽ സർവേ തുടരും. അലൈൻമെന്റ് മാറ്റം യോഗം ചർച്ച ചെയ്യും. സംഭവത്തിൽ എൽഡിഎഫ് പഞ്ചായത്തംഗം ഉൾപ്പെടെ 13 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കസ്റ്റഡിയിലെടുത്തവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിട്ടയച്ചു. 

ദേശീയപാത–66ൽ വലിയപറമ്പ് മുതൽ അരീത്തോട് വരെ 50 മീറ്റർ വീതിയുള്ള ഒരു കിലോമീറ്റർ റോഡ് ഒഴിവാക്കി, അത്രയും സ്ഥലം 45 മീറ്റർ വീതിയിൽ ജനവാസകേന്ദ്രത്തിൽനിന്ന് ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ ഏറെ നാളായി പ്രതിഷേധത്തിലാണ്.

32 വീടുകൾ നഷ്ടമാകുമെന്നും പഴയ ദേശീയപാതതന്നെ വികസിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാവിലെ പത്തരയോടെ വലിയപറമ്പിൽ സർവേ തടഞ്ഞതിനെ തുടർന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. തുടർന്ന് പരസ്പരം കല്ലേറുണ്ടായി. സമരക്കാരും പിന്തുടർന്നെത്തിയ പോലീസും വീട്ടിലേക്കു കയറിയതിനെത്തുടർന്നുണ്ടായ ബഹളത്തിൽ തളർന്നുവീണ പതിനൊന്നുകാരി റിഫ്‌ന റസ്മിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരലിനു പരുക്കുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.

സമരക്കാർ റോഡിൽ കുപ്പി പൊട്ടിച്ചെറിഞ്ഞും തടികൾ നിരത്തിയും ടയറുകൾ കത്തിച്ചും ഗതാഗതം തടഞ്ഞു. വലിയപറമ്പിൽ സംഘർഷമായെന്നറിഞ്ഞതോടെ അരീത്തോട്ട് സ്‌ത്രീകളുൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ മർദനമേറ്റതായി പരാതിയുണ്ട്. അതേ സമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും നിർബന്ധിത സാഹചര്യത്തിലാണ് ബലം പ്രയോഗിക്കേണ്ടിവന്നതെന്നും ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.