Latest News

കൊപ്പല്‍ പടിഞ്ഞാര്‍ തെയ്യംകെട്ട്: മറക്കളത്തില്‍ ദീപം തെളിഞ്ഞു

ഉദുമ: കൊപ്പല്‍ പടിഞ്ഞാര്‍ വീട് തറവാട്ടിലെ മറക്കളത്തില്‍ വെള്ളിയാഴ്ച രാത്രി ദീപം തെളിഞ്ഞു. പടിഞ്ഞാറ്റയില്‍നിന്ന് കത്തിച്ചുകൊണ്ടുവന്ന ദീപം തെളിഞതോടെ ഇത് മറ്റൊരു ശ്രീകോവിലായി മാറി.[www.malabarflash.com]

തെയ്യംകെട്ടുത്സവത്തിന്റെ പ്രധാന ചടങ്ങുകളായ ബോനം കൊടുക്കലും ബപ്പിടലും ചൂട്ടൊപ്പിക്കലുമെല്ലാം ഇവിടെയാണ് നടക്കുക. തറവാട്ടില്‍ പരിപാലിച്ചു പോരുന്ന ധര്‍മദൈവങ്ങള്‍ തിരുമുറ്റത്തും മറ്റു തെയ്യങ്ങള്‍ മറക്കളത്തിലുമാണ് ചുവടുവെക്കുക. കോലധാരികള്‍ക്ക് അടയാളം കൊടുക്കുന്ന ചടങ്ങാണ് വെള്ളിയാഴ്ച രാത്രി തറവാട്ടില്‍ നടന്നത്.

കൈവീതിനും തോറ്റത്തിനുംശേഷം തറവാട്ടിലെ ധര്‍മദൈവങ്ങളായ വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, പടിഞ്ഞാറ്റ ചാമുണ്ഡി, കുറത്തിയമ്മ തെയ്യങ്ങളുടെ തിടങ്ങല്‍ നടന്നു. ശനിയാഴ്ച പുലര്‍ച്ചെയും പകലും ഈ തെയ്യങ്ങളും ഗുളികനും ഭക്തര്‍ക്ക് ദര്‍ശനമേകും. 

അഞ്ചുമണിക്കുശേഷം കാര്‍ന്നോന്‍, കോരച്ചന്‍ തെയ്യങ്ങളുടെ വെള്ളാട്ടം നടക്കും. കണ്ടനാര്‍കേളന്റെ വെള്ളാട്ടവും ബപ്പിടല്‍ച്ചടങ്ങും രാത്രി ഒന്‍പതിന് നടക്കും. ഇത് ദര്‍ശിക്കാന്‍ നിരവധിപേര്‍ ശനിയാഴ്ച തെയ്യംകെട്ട് വേദിയില്‍ എത്തും. 

കണ്ടനാര്‍കേളനും വയനാട്ടുകുലവനും ബോനം കൊടുക്കല്‍ ചടങ്ങ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. തെയ്യംകെട്ടിന് ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ ചെമ്മനാട് കൊമ്പനടുക്കത്തെ സി.കെ.അമ്പാടിയാണ് ആചാരപരമായ ഈ ചടങ്ങ് നിര്‍വഹിക്കുന്നത്. 

ഉത്സവദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബേക്കല്‍ പോലീസിന്റെ സേവനം മുഴുവന്‍ സമയവും ഉണ്ട്. 2000 പേര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കാനുള്ള സംവിധാനം ഊട്ടുപുരയില്‍ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയോടെ തെയ്യംകെട്ട് സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.