Latest News

മതസൗഹാര്‍ദ സന്ദേശവുമായി ആയിരം ജമാഅത്തില്‍ ക്ഷേത്രസ്ഥാനികരെത്തി

മഞ്ചേശ്വരം: മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുണര്‍ത്തി ക്ഷേത്രസ്ഥാനികര്‍ ആയിരം ജമാഅത്ത് ജുമാ മസ്ജിദിലെത്തി. മഞ്ചേശ്വരം മാട അരസു മഞ്ചിഷ്ണാര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുള്ള ചടങ്ങിന്റെ ഭാഗമായാണ് ക്ഷേത്രസ്ഥാനികരുടെ നേതൃത്വത്തില്‍ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുമടങ്ങുന്ന നൂറുകണക്കിനാളുകള്‍ ആയിരം ജമാഅത്തിലെത്തിയത്.[www.malabarflash.com]

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി മുറതെറ്റാതെ നടന്നുവരുന്ന ചടങ്ങാണിത്. വിഷുവിന് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയാണ് ഈ ചടങ്ങ് നടക്കുന്നത്. ക്ഷേത്രത്തിന് സമീപത്തുള്ള ഭണ്ഡാരവീട്ടില്‍നിന്ന് ഒരുകിലോമീറ്ററോളം ദൂരം കാല്‍നടയായാണ് വെളിച്ചപ്പാടും സംഘവും എത്തുന്നത്. ആടയാഭരണങ്ങളും കാല്‍ച്ചിലമ്പും പള്ളിവാളും കുടമണിയുമായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തുന്ന ക്ഷേത്ര വെളിച്ചപ്പാട് പള്ളിമുറ്റത്ത് ചുവടുവെച്ച് ചടങ്ങിന്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കും.

തുടര്‍ന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികളെയും വിശ്വാസികളെയും ക്ഷേത്രോത്സവത്തിന് ക്ഷണിക്കും. ഇവരുടെ ക്ഷണം സ്വീകരിച്ച് പള്ളിക്കമ്മിറ്റി ഭാരവാഹികളും മറ്റും ഉത്സവനാളുകളില്‍ ക്ഷേത്രത്തിലെത്തും. ഇവരെ ഇളനീരും പ്രസാദവും നല്‍കി സ്വീകരിക്കുക പതിവാണ്. 

രാജവെളിച്ചപ്പാട്, മഞ്ചു ഭണ്ഡാരി, തിമ്മഭണ്ഡാരി, ദുഗഭണ്ഡാരി, ജയപാല ഷെട്ടി തിമിരി വെളിച്ചപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രസ്ഥാനികര്‍ ആയിരം ജമാഅത്തിലെത്തിയത്. സൂപ്പി ഹാജി, അബൂബക്കര്‍ മാഹിന്‍ ഹാജി, പി.എ.ഹനീഫ്, റഹ്മാന്‍ ഉദ്യാവര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്ഷേത്രസ്ഥാനികരെ സ്വീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.