Latest News

മക്ക മസ്ജിദ് സ്‌ഫോടനം; പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജിവെച്ചു

ഹൈദരാബാദ്: 2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട ജഡ്ജി വിധി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകം രാജിവെച്ചു.[www.malabarflash.com] 

ഹൈദരാബാദിലെ സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതി ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത്. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് ഇയാള്‍ രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നത്.

മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് കോടതി തിങ്കളാഴ്ച വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എന്‍ഐഎ കോടതിയുടെ വിധി. ഈ വിധി പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്കം ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡി രാജിവെക്കുകയായിരുന്നു.

2007 മെയ് 18 നാണ് കേസിനാസ്പദമായ സ്ഫോടനം നടന്നത്. മക്കാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടത്തിയത്. ഒമ്പത്പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011 ല്‍ എന്‍ഐഎ ഏറ്റെടുത്തു.

കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ആര്‍എസ്എസ് മുന്‍ പ്രചാരകനായിരുന്ന സ്വാമി അസീമാന്ദ ഉള്‍പ്പെടെയുള്ള അഞ്ച്പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരെയാണ് കോടതി ഇപ്പോള്‍ വെറുതെവിട്ടിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.