Latest News

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ നിരോധനാജ്ഞ

മലപ്പുറം: കഠുവയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം. വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.[www.malabarflash.com]

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്കാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

താനൂരില്‍ കെഎസ്ആര്‍ടിബി ബസ് അഗ്നിക്കിരയാക്കി. നഗരത്തില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. താനൂരില്‍ രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും റോഡ് തടയുകയും ചെയ്തിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

വള്ളുവമ്പ്രം, കോട്ടയ്ക്കല്‍, തലപ്പാറ തുടങ്ങിയ ഇടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടയുകയും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തു. തിരൂരില്‍ ഹര്‍ത്താലനുകൂലികള്‍ക്കുനേരെ പോലീസ് ലാത്തിവീശി. കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പരപ്പനങ്ങാടിയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹനഗതാഗതം മുടക്കി. ഇവിടെയും പോലീസ് ഹര്‍ത്താലനുകൂലികളെ വിരട്ടിയോടിച്ചു.

പൈലറ്റുമാര്‍ക്ക് സമയത്ത് എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള രണ്ടു വിമാനങ്ങള്‍ വൈകി. എയര്‍ ഇന്ത്യയുടെ 11.20 പുറപ്പെടേണ്ട ഷാര്‍ജ വിമാനം 1.40നും 11.15ന് പുറപ്പെടേണ്ട ദോഹ വിമാനം 1.15നും ആണ് പുറപ്പെട്ടത്.

കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.