Latest News

പ്രമോദ് വധം: 10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: ബിജെപി പ്രവര്‍ത്തകനായ മൂര്യാട്ടെ കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും.[www.malabarflash.com]

മൂര്യാട് സ്വദേശികളുമായ സി പി എം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം മണ്ടാംപറമ്പത്ത് കുന്നപ്പാടി മനോഹരന്‍ (51), മാണ്ടിയപറമ്പത്ത് നാനോത്ത് പവിത്രന്‍ (56), പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍ (58), ചാലിമാളയില്‍ പാട്ടാരി ദിനേശന്‍ (50), അഭിഭാഷകനായ കുട്ടിമാക്കൂലില്‍ കുളത്തുംകണ്ടി ധനേഷ് (32), ജാനകി നിലയത്തില്‍ കേളോത്ത് ഷാജി (36) , കെട്ടിടല്‍ വീട്ടില്‍ അണ്ണേരി വിപിന്‍ (28), ചാമാളയില്‍ പാട്ടാരി സുരേഷ്ബാബു (41), കിഴക്കെയില്‍ പാലേരി റിജേഷ് (30), ഷമില്‍ നിവാസില്‍ വാളോത്ത് ശശി (50), എന്നിവരെയാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടക്കാനും നാലാം അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജ് വിജയകുമാര്‍ ശിക്ഷിച്ചത്. 

എന്നാല്‍ വിചാരണക്കിടയില്‍ പ്രതിയായ മൂര്യാട്ടെ ചോതയില്‍ താറ്റ്യോട്ട് ബാലകൃഷ്ണന്‍ (60) മരണമടഞ്ഞിരുന്നു.
2007 ആഗസ്ത് 16ന് രാവിലെ ഏഴുമണിയോടെ കൂത്തുപറമ്പ് മൂര്യാട് ചുള്ളിക്കുന്നില്‍ കശുമാവിന്‍തോട്ടത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രമോദും കൂട്ടുകാരനും ജോലിക്ക് പോകുമ്പോഴാണ് ഇവര്‍ക്ക് നേരെ അക്രമമുണ്ടായത്. പ്രമോദിന്റെ കൂടെ ഉണ്ടായിരുന്ന മൂര്യാട്ടെ ആലക്കാടന്‍ പ്രകാശ(51)ന് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
കണ്ണവം എസ് ഐ ആയിരുന്ന കെ വി പ്രമോദിന്റെ പരാതിയിലാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. മുരളിക്കോളി രമേശന്‍, വാളാങ്കി രാജീവന്‍, പുത്തന്‍പുരയില്‍ പ്രകാശന്‍, ഡോ. പി ശ്യാമള, ഡോ. ഗിരിജാദേവി, പോലീസ് ഓഫീസര്‍മാരായ പി സതീശന്‍, എ വി പ്രദീപ്, സജീവന്‍ തുടങ്ങിയ 24 പേരാണ് കേസിലെ പ്രോസിക്യൂഷന്‍ സക്ഷികള്‍. 

25 രേഖകളും ഒമ്പത് തൊണ്ടിമുതലുകളും പ്രോസിക്യൂഷന് വേണ്ടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. പി അജയകുമാറാണ് ഹാജരായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.