Latest News

സരോജിനി അമ്മ വിങ്ങിപ്പൊട്ടി; എസ്പി നെഞ്ചോടു ചേര്‍ത്തു പിടിച്ചു

കാഞ്ഞങ്ങാട്: ആപത്ഘട്ടത്തില്‍ കൈത്താങ്ങായെത്തിയ പോലീസിന് ഉപഹാരം കൈമാറിയപ്പോള്‍ സരോജനി അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. വൃദ്ധമാതാവിനെ ചേര്‍ത്തുപിടിച്ച് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ആശ്വസിപ്പിച്ചപ്പോള്‍ കണ്ടു നിന്നവരും കണ്ണുതുടച്ചു.  ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് ജനമൈത്രി പോലീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ കൂട്ടയോട്ടത്തിന്റെ ഉദ്ഘാടന വേദിയിലാണ് അപൂര്‍വ്വ കാഴ്ച അരങ്ങേറിയത്. [www.malabarflash.com]

ഇരട്ടക്കുട്ടികളും ഭര്‍ത്താവ് കുഞ്ഞമ്പവും മരണത്തിന് കാഴടങ്ങിയപ്പോള്‍ തനിച്ചായ തോയമ്മലിലെ സരോജിനി അമ്മക്ക് ഒരു വര്‍ഷം മുമ്പാണ് ഇടിത്തീപോലെ ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ജപ്തിഭീഷണി ഉണ്ടായത്. നിസ്സഹായയായ സരോജിനി അമ്മയുടെ ദുരിതമറിഞ്ഞ് ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസാണ് രക്ഷകരായി എത്തിയത്. 

ഇവരുടെ വായ്പാകുടിശിക പോലീസുകാരാണ് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ അടച്ചുതീര്‍ത്തത്. ഇപ്പോള്‍ ഇവര്‍ക്കുള്ള ഭക്ഷണവും സംരക്ഷണവും നല്‍കിവരുന്നത് ചാരിറ്റി പ്രവര്‍ത്തകനായ പനങ്കാവ് ഗംഗാധരനാണ്.
ലഹരിവിരുദ്ധ കൂട്ടയോട്ടം ചടങ്ങില്‍ പങ്കെടുക്കാന്‍ ജില്ലാ പോലീസ് മേധാവി എത്തുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന് ഒരു ഉപഹാരം നല്‍കണമെന്ന ആഗ്രഹം സരോജിനി അമ്മ പ്രകടിപ്പിച്ചപ്പോള്‍ ജനമൈത്രി പോലീസാണ് ഇതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്.
സരോജിനി അമ്മ എസ്പിക്കൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഉപഹാരമായി കൈമാറിയത്. ഇത് കൈമാറുമ്പോഴാണ് സരോജിനിഅമ്മ വിങ്ങിപ്പൊട്ടിയത്.
ജില്ലാ പോലീസ് മേധാവി സരോജിനി അമ്മക്ക് വിഷുക്കോടിയും സമ്മാനിച്ചു. 

കേസന്വേഷണങ്ങളുടെ മികവിന് ജില്ലാ പോലീസിന് കാഞ്ഞങ്ങാട് പൗരാവലിയുടെ ഉപഹാരം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ എസ്പിക്ക് നല്‍കി. ചടങ്ങില്‍ ഡിവൈഎസ്പി കെ ദാമോദരന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ എം ജി രഘുനാഥ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജിനി അമ്മയുടെ ഇരട്ടക്കുട്ടികളായ സനലും സുനിലും വെള്ളത്തില്‍ മുങ്ങിയാണ് മരണപ്പെട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.