Latest News

കലോത്സവത്തിലെ വ്യാജ അപ്പീൽ; നാലുപേർ അറസ്റ്റിൽ

തൃശൂർ: കണ്ണൂരിൽ 2016–17ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൽസരാർഥികൾക്കു ബാലാവകാശ കമ്മിഷന്റെ പേരിൽ വ്യാജ അപ്പീൽ സംഘടിപ്പിച്ചു കൊടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ.[www.malabarflash.com]

തിരുവനന്തപുരം കണ്ടക്കോട് വട്ടപ്പാറ ചിലക്കാട്ടിൽ എസ്. സതികുമാർ(46), ചേർത്തല വാരനാട് പുതുവൽനികത്ത് പി.എസ്. സജീവൻ(സജി വാരനാട്ട് –34), തിരുവനന്തപുരം ചിറയിൻകീഴ് പുതുകുറിശി കഠിനംകുളം വടക്കേവിള തെക്കേ ആലുവിളാകത്ത് വീട്ടിൽ ഷിജു സുകുമാരൻ(കലാർപ്പണ വിഷ്ണു –34), കോഴിക്കോട് കൂരാച്ചുണ്ട് പാറയിൽ വീട്ടിൽ അൻഷാദ് (29) എന്നിവരെയാണു തൃശൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അൻഷാദ് കലോത്സവത്തട്ടിപ്പിൽ മുൻപും കേസിൽ പെട്ടിട്ടുള്ളയാളാണ്. കണ്ണൂർ കലോത്സവത്തിൽ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. പി. സതികുമാറിനെ തിരുവനന്തപുരത്തുപോയി പിടികൂടിയ സംഘം മറ്റു മൂന്നുപേരെയും തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാലുപേരെയും കണ്ണൂരിൽ കോടതിയിൽ ഹാജരാക്കും.

ഇത്തവണ തൃശൂരിൽ നടന്ന സ്കൂൾ കലോത്സവത്തിൽ വ്യാജ അപ്പീൽ സമർപ്പിച്ച കേസിൽ വിയ്യൂർ ജയിലിലായിരുന്ന സതികുമാർ അടുത്തിടെയാണു ജാമ്യത്തിലിറങ്ങിയത്.

കണ്ണൂർ കലോത്സവത്തിലും സതികുമാർ പണം വാങ്ങിയതായി വിവരം ലഭിച്ചതിനാലാണ് ഇപ്പോഴത്തെ അറസ്റ്റ്. ക്രൈംബ്രാഞ്ച് എസ്പി പി. ഉണ്ണിരാജന്റെ നേതൃത്വത്തിൽ എസ്ഐ ശങ്കരൻകുട്ടി, എഎസ്ഐമാരായ കെ. രാജൻ, സൂരജ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.