Latest News

വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക് കൊലക്കുറ്റത്തിന് അറസ്റ്റിൽ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐ ജി.എസ്. ദീപക്കിനെ പ്രത്യേക അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ദീപക്കിനെ വെളളിയാഴ്ച രാവിലെ മുതൽ ആലുവ പോലീസ് ക്ലബ്ബിൽ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ദീപക്കിനെതിരെ കൊലക്കുറ്റം നിലനിൽക്കുമോ എന്നറിയാൻ അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു.

കേസിൽ ആദ്യം അറസ്റ്റിലായ ടൈഗർ ഫോഴ്സിലെ അംഗങ്ങൾ കസ്റ്റഡിയിലെടുത്ത പ്രതി ശ്രീജിത്തിനെ കൈമാറിയത് വരാപ്പുഴ എസ്ഐ ദീപക്കിനാണ്. സ്റ്റേഷനിൽ വച്ചും ശ്രീജിത്തിനു മർദനമേറ്റതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു ദീപക്കിനെയും കേസിൽ പ്രതിചേർത്തത്. ശ്രീജിത്തിന്റെ ബന്ധുക്കളും ദീപക്കിനെക്കുറിച്ചു പരാതി നൽകിയിരുന്നു.

സംഭവ ദിവസം അവധിയിലായിരുന്ന ദീപക്കിനെ ഉന്നത ഉദ്യോഗസ്ഥനാണു സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. ആത്മഹത്യ ചെയ്ത വാസുദേവനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ ശ്രീജിത്ത് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണു ദീപക് സ്റ്റേഷനിൽ വന്നത്. അവധിയായിട്ടും ആരുടെ നിർദേശപ്രകാരമാണ് ആറിനു രാത്രി തന്നെ സ്റ്റേഷനിലെത്തിയതെന്നു ദീപക് പ്രത്യേക അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വാഹനത്തിലേക്കു കൊണ്ടുപോകുംവഴി ടൈഗർ ഫോഴ്സ് അംഗങ്ങൾ ശ്രീജിത്തിനെ മർദിക്കുന്നതു കണ്ടതായി രണ്ടു ദൃക്സാക്ഷികളും മൂന്നു കൂട്ടുപ്രതികളും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, വരാപ്പുഴ സ്റ്റേഷനിൽ മർദനമേറ്റതിനു ദൃക്സാക്ഷികളില്ല. പോസ്റ്റ്മോർട്ടം രേഖകൾ പരിശോധിച്ച മെഡിക്കൽ ബോർഡാണു സ്റ്റേഷനിൽവച്ചും മർദനമേറ്റതായി വിശദീകരിച്ചത്. മരണ കാരണമായ മർദനം സ്റ്റേഷനു പുറത്തുവച്ചാണുണ്ടായതെങ്കിലും സ്റ്റേഷനിലും മർദനമേറ്റത് ശ്രീജിത്തിന്റെ അവസ്ഥ ഗുരുതരമാക്കി.

സംഭവത്തിൽ അച്ചടക്ക നടപടി നേരിടുന്ന പറവൂർ ഇൻസ്പെക്ടർ ക്രിസ്പിൻ സാം, എഎസ്ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി എന്നിവരെയും ചോദ്യംചെയ്യും. സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ റൂറൽ എസ്പി എ.വി. ജോർജിന്റെ മൊഴിയും രേഖപ്പെടുത്തും.

എസ്പിയുടെ നിർദേശപ്രകാരമാണു ശ്രീജിത്ത് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തതെന്നു ചില ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഇതിന്റെ വെളിച്ചത്തിൽ തെളിവുകൾ ശേഖരിച്ചശേഷം മാത്രമേ എസ്പിയുടെ മൊഴി രേഖപ്പെടുത്തൂ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.