Latest News

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു; ഭരണസമിതി ചുമതലയേറ്റു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍. കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഏറ്റെടുക്കല്‍ പ്രഖ്യാപനം നിര്‍വഹിച്ചു.[www.malabarflash.com]

വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്.

ആശുപത്രി കോംപ്ലക്‌സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. 1997ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചു നല്‍കുകയാണുണ്ടായത്.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ (2011-16) കോളേജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത്. 

ഹഡ്‌കോയില്‍ നിന്ന് സൊസൈറ്റി എടുത്ത വായ്പ കുടിശ്ശികയായിരുന്നു. ഹഡ്‌കോ വായ്പയില്‍ കേരളത്തില്‍ നടപ്പാക്കുന്ന മറ്റ് പദ്ധതികളെപ്പോലും അത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഹഡ്‌കോയ്ക്കുളള ബാധ്യത പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗഡുക്കളായി വായ്‌പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 2019ല്‍ തിരിച്ചടവ് പൂര്‍ത്തിയാവും.

കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദലി, കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍, പ്രശസ്ത ന്യൂറോളജിസ്റ്റും ട്രാവന്‍കൂര്‍കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഡോ. വി ജി പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ ഭരണസമിതി (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍) മെഡിക്കല്‍ കോളേജിന്റെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണച്ചുമതല താല്‍ക്കാലികമായി ഏറ്റെടുത്തു. തിരുവനന്തപുരം ആര്‍സിസി മാതൃകയില്‍ പുതിയ സൊസൈറ്റിയും താമസിയാതെ നിലവില്‍ വരും.

പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി. ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.