Latest News

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടി പുലിവാല് പിടിച്ച് തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയ തമിഴ് നാട് ഗവര്‍ണറുടെ നടപടി വിവാദത്തില്‍. ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനൊടുവിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് ഗവര്‍ണര്‍ കവിളില്‍ തട്ടിയത്.[www.malabarflash.com]

ദ വീക്കിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളിലാണ് ബന്‍വാരിലാല്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് ബന്‍വാരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

‘പലവട്ടം ഞാന്‍ മുഖം കഴുകി. ഇപ്പോഴും അതില്‍നിന്ന് മോചിതയാകാന്‍ സാധിക്കുന്നില്ല. മനഃക്ഷോഭവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇത് അഭിനന്ദനം സൂചിപ്പിക്കുന്ന പ്രവൃത്തിയോ മുത്തശ്ശന്റെ പെരുമാറ്റമോ ആയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണ്’ ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമാണെന്നായിരുന്നു ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്റെ പ്രതികരണം. ഡി.എം.കെയുടെ രാജ്യസഭാ എം പി കനിമൊഴിയും മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് രംഗത്തെത്തി.

സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികളെ അധ്യാപിക പ്രേരിപ്പിച്ചെന്ന വിവാദത്തില്‍ ബന്‍വാരിലാലിന്റെ പേരു കൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു. ഈ വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു ബന്‍വാരിലാല്‍ രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.