Latest News

യുഎഇയുടെ വിജയത്തിനു പിന്നിൽ മലയാളികൾ: ഷെയ്ഖ് നഹ്യാൻ

കൊച്ചി: യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പുമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പ്രസ്താവിച്ചു.[www.malabarflash.com] 

ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററും ഗ്രാന്‍ഡ് ഹയാത്തിന്റെയും ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ഷെയ്ഖ് നഹ്യാന്‍.

ലുലു ഗ്രൂപ്പും യുഎഇയുടെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്. യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും മലയാളികൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളികൾ കാര്യക്ഷമതയും സംരംഭകത്വവും ഉള്ളവരാണ്. അവരുടെ നാട് ഒരിക്കൽ കണ്ടാൽ തന്നെ ദൈവത്തിന്റെ സ്വന്തം രാജ്യമാണെന്നു മനസിലാകും. അത്രയ്ക്കു പച്ചപ്പും മനോഹാരിതയും ഉള്ള നാടാണിത്. 

ലുലു കൺവെൻഷൻ സെന്ററും ഹോട്ടലും കേരളത്തിന്റെ കിരീടത്തിലെ രത്നമാണെന്ന് ഷെയ്ഖ് നഹ്യാൻ ചൂണ്ടിക്കാട്ടി. ലുലു മാളുകളിലാണ് യുഎഇക്കാർ ഷോപ്പിങ്ങിനു പോകുന്നത്. സഹിഷ്ണുതാ മന്ത്രി എന്ന നിലയിൽ കേരളത്തിന്റെ പ്രശസ്തമായ സഹിഷ്ണുത മതിപ്പുളവാക്കുന്നതാണ്. യുഎഇയിൽനിന്ന് ഇനി അനേകം പേർ ബോൾഗാട്ടി സന്ദർശിക്കാനെത്തുമെന്ന് ഷെയ്ഖ് നഹ്യാൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.എ. യൂസഫലി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, യുഎഇ സഹിഷ്ണുത വകുപ്പുമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.

ബഹ്റൈൻ വികസനത്തിന് മലയാളികൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു. ലുലു മാളുകൾ ബഹ്റൈൻ ജീവിതത്തിന്റെ ഭാഗമാണ്. മറ്റെന്തിനേക്കാളും ജനങ്ങളാണ് കേരളത്തിന്റെ നിധി എന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.

ഇന്ത്യ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണം പത്തു കോടിയായി വർധിപ്പിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. അതിന് ലുലു പോലുള്ള സൗകര്യങ്ങൾ ആവശ്യമാണ്. മികച്ചവരെ റിക്രൂട്ട് ചെയ്യാനുള്ള യൂസഫലിയുടെ കഴിവാണ് ലുലു ഗ്രൂപ്പിനെ വളർത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.