Latest News

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; പറവൂരിൽ ചൊവ്വാഴ്ച ഹർത്താൽ

കൊച്ചി: വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് ആശുപത്രിയിൽ മരിച്ചു. ഞായറാഴ്ച യാണു ശ്രീജിത്തിനെ (26) പോലീസ് ആശുപത്രിയിൽ എത്തിക്കുന്നത്.[www.malabarflash.com]

ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്രീജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശ്രീജിത്തിന്റെ ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതായാണു പ്രാഥമിക നിഗമനം.

മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ചൊവ്വാഴ്ച പറവൂരിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ.

തിങ്കളാഴ്ച മനുഷ്യാവകാശ കമ്മിഷൻ അംഗം ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയിരുന്നു. കസ്റ്റഡിയിൽ ശ്രീജിത്തിനെ മർദിച്ചതായി ബന്ധുക്കളും ആരോപിച്ചു. അതിനു പിന്നാലെയാണ് വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്.

മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്നു ആലുവ റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു. മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടത്തിന്റെ ദൃശ്യങ്ങൾ വിഡിയോ എടുത്തു സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം മരണത്തിന് ഇടയാക്കിയത് പോലീസ് മർദനമാവാൻ ഇടയില്ലെന്നാണ് പോലീസിന്റെ ഭാഗം. നാട്ടുകാരുമായുള്ള സംഘർഷത്തിൽ മർദനമേറ്റതായി ശ്രീജിത് തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞിരുന്നെന്നും കോടതിയിൽ കൊണ്ടു പോകുന്നതിനു മുമ്പ് വയറ്റിൽ വേദനയുണ്ടെന്നു പറഞ്ഞപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും റൂറൽ എസ്പി എ.വി.ജോർജ് പറഞ്ഞു.

ഗൃഹനാഥന്റെ മരണത്തെ തുടർന്ന് ശ്രീജിത് ഉൾപ്പെടെ പത്തു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. മജിസ്ട്രേറ്റിന്റെ വീട്ടിലേക്കു കൊണ്ടു ചെന്നപ്പോൾ പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയാൽ മതി എന്നു പറഞ്ഞു. തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചത്. തനിക്ക് മർദനമേറ്റതായി ശ്രീജിത്ത് ആശുപത്രിയിൽ അറിയിച്ചിട്ടുണ്ട്.

ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ ഒരുമിച്ചാണ് കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നത്. പിറ്റേന്ന് കോടതിയിൽ കൊണ്ടു പോകുന്നതിന് മുമ്പ് വയറ്റിൽ വേദനയുള്ളതായി പറഞ്ഞപ്പോൾ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും എസ്പി പറഞ്ഞു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. ഗൃഹനാഥന്റെ മരണത്തിലും ശ്രീജിത്തിന്റെ മരണത്തിലും സമഗ്ര അന്വേഷണം വേണമെന്നു ലോക്കപ്പ് മരണങ്ങൾ തുടർക്കഥയാവുന്നത് കേരളത്തിന് നാണക്കേടായി മാറിയെന്നും ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.