Latest News

നിപ്പ; രണ്ടു നഴ്സുമാർ ഉൾപ്പെടെ ഒൻപതു പേർ ആശുപത്രിയിൽ

കോഴിക്കോട് ∙ നിപ്പ വൈറസ് ബാധിതരെ ചികിൽസിക്കുന്നതിനിടെ രോഗിയായ നഴ്സ് മരിച്ചതിന് പിന്നാലെ മറ്റു രണ്ടു നഴ്സുമാരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

പേരാമ്പ്ര ചങ്ങരോത്ത് നിപ്പ ബാധിച്ചു മരിച്ച സഹോദരങ്ങളെ ആശുപത്രിയിൽ പരിചരിച്ച നഴ്സ്, വടകര പുത്തൂർ പറമ്പത്ത് സജീഷിന്റെ ഭാര്യ ചെമ്പനോട കുറത്തിപ്പാറ പുതുശേരി ലിനി (31) ആണ് തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. ഇതോടെ നിപ്പ സംശയിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഇവരിൽ നാലുപേരുടെ മരണം നിപ്പ മൂലമാണെന്നു സ്ഥിരീകരിച്ചു. രണ്ടു നഴ്സുമാരുൾപ്പെടെ ഒൻപതുപേർ ചികിത്സയിലുണ്ട്. 

ഇവരിൽ നിപ്പ സ്ഥിരീകരിച്ച ഒരാളുടെ നില ഗുരുതരമാണ്. ഇതിനിടെ, കോഴിക്കോട്ടുനിന്നു കൊച്ചിയിലേക്കു മാറ്റിയ രോഗിക്കു നിപ്പ ബാധയില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രോഗം പിടിപെട്ടു മരിച്ചവരിലൊരാളുടെ ബന്ധുവാണിത്.

മരണംനടന്ന വീടിനു സമീപത്തുള്ള 60 പേരുടെ രക്തസാംപിളുകളും പരിശോധനയ്ക്കയിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്ന് ദേശീയ രോഗപ്രതിരോധ കേന്ദ്രം (എൻസിഡിസി) ഡയറക്ടർ ഡോ. സുർജീത് കുമാർ, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ എന്നിവർ അറിയിച്ചു. 

കേന്ദ്രത്തിൽനിന്നുള്ള ആദ്യ വിദഗ്ധ സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചു. ഡൽഹി എയിംസിൽനിന്നുള്ള സംഘം ചൊവ്വാഴ്ച എത്തും. ലോക ആരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) വിവരം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.