Latest News

സുരക്ഷ അനുമതി വൈകി; മഅ്​ദനി വെള്ളിയാഴ്​ച കേരളത്തിലെത്തും

ബംഗളൂരു: മഅ്​ദനിയുടെ കേരളത്തിലേക്കുള്ള യാത്രക്ക്​ കോടതി അനുവാദം നൽകിയിട്ടും ബംഗളൂരു പോലീസ്​ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്​ച യാ​ത്ര മുടങ്ങി.[www.malabarflash.com]

ഇതുമൂലം വെള്ളിയാഴ്​ച പുലർച്ചെ 5 മണിയോടെയാണ്​​ യാത്രതിരിക്കാനാവുക. യാത്രയില്‍ മഅ്ദനിയെ അനുഗമിക്കാനുള്ള സെക്യൂരിറ്റി സംവിധാനം രാത്രി വളരെ വൈകിയാണ് ലഭിച്ചത്​. ​ഇതാണ്​ യാത്ര വൈകാൻ കാരണം.

സമയം ലാഭിക്കാൻ വിമാനമാര്‍ഗമുള്ള യാത്രക്ക്​ ശ്രമിച്ചെങ്കിലും അനുഗമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ കൊണ്ടുപോകുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം യാത്ര ഇനിയും വൈകാന്‍ സാധ്യത ഉള്ളതിനാലാണ്​ യാത്ര വാഹനത്തിലാക്കിയത്.

അദ്ദേഹം താമസിക്കുന്ന ബെന്‍സണ്‍ ടൗണിലെ വസതിയില്‍നിന്നാണ്​ യാത്ര തിരിക്കുക. സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂര്‍ വഴി കരുനാഗപ്പള്ളിയിലെത്തും. കൂടെ ഭാര്യ സൂഫിയ മഅ്ദനി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അനുഗമിക്കും. 

കര്‍ണാടക പോലീസിലെ ഇൻസ്പെക്‌​ടര്‍മാരടക്കം അഞ്ച്​ ഉദ്യോഗസ്ഥര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കും. ​നേരത്തേതന്നെ യാത്രാവിവരങ്ങൾ സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടും വ്യാഴാഴ്​ച സുരക്ഷ ഉദ്യോഗസ്​ഥരെ അയക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബംഗളൂരു സിറ്റി പോലീസ്​ കമീഷണർ ടി. സുനിൽകുമാർ.

ബംഗളൂരു സ്​ഫോടനക്കേസിൽ കുറ്റം ചുമത്തപ്പെട്ട പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനി സുപ്രീംകോടതി നൽകിയ ജാമ്യത്തിൽ കഴിയുകയാണ്​. രോഗിയായ ഉമ്മ അസ്​മാബീവിയെ സന്ദർശിക്കാൻ ഏപ്രിൽ 27 മുതൽ ​മേയ്​ 12 വരെ ജാമ്യവ്യവസ്​ഥയിൽ ഇളവുതേടി എൻ.ഐ.എ പ്രത്യേക കോടതിയിൽ കഴിഞ്ഞ 23ന്​ ഹരജി നൽകിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾ വൈകി​യതോടെ മേയ്​ മൂന്നുമുതൽ 11 വരെ സ്വന്തം ചെലവിൽ പോകാൻ ബുധനാഴ്​ചയാണ്​ കോടതി അനുമതി നൽകിയത്​. 

കോടതി ഉത്തരവ്​ നേരിട്ട്​ സിറ്റിപോലീസ്​ കമീഷണർക്ക്​ ലഭിച്ചിട്ടും യാത്രക്കുവേണ്ട സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച്​ നടപടികളൊന്നുമെടുക്കാതെ ഒരു ദിവസം വൈകിപ്പിക്കുകയായിരുന്നു.

1.16 ലക്ഷം രൂപയാണ്​ മഅ്​ദനിക്ക്​ അകമ്പടിയായി പോകുന്ന ആറു പോലീസുകാർക്കും മറ്റും​ ആറുദിവസത്തേക്ക്​ ചെലവിലേക്കായി മഅ്​ദനി മുൻകൂറായി കെട്ടിവെച്ചത്​. തിരിച്ചെത്തിയശേഷമേ മുഴുവൻ ചെലവു​ കണക്കാക്കൂ. 

ആറു പോലീസ്​ ഉദ്യോഗസ്​ഥരെയും ഒരു വാഹനവുമാണ്​ വിട്ടുനൽകുക. വാഹനത്തിന്​ ഒരു കിലോമീറ്ററിന്​ 60 രൂപയാണ്​ ചെലവ്​ കണക്കാക്കിയിരിക്കുന്നത്​. 81,000 രൂപയോളം വാഹനത്തിന്​ മാത്രമായി വരുന്ന ചെലവാണ്​. 

കഴിഞ്ഞതവണ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം മക​​​െൻറ വിവാഹത്തിനും ഉമ്മയെ സന്ദർശിക്കുന്നതിനുമായി കേരളത്തിലേക്ക്​ പോയപ്പോൾ കിലോമീറ്ററിന്​ 10 രൂപയായിരുന്നു പോലീസ്​ വാഹനത്തിന്​ കണക്കാക്കിയ ചെലവ്​. ഇത്തവണ സർക്കാർ നിരക്ക്​ വർധിപ്പിച്ചെന്നാണ്​ കമീഷണറുടെ വാദം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.