Latest News

ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ 1.10 കോടി രൂപ അനുവദിച്ചു

ഉദുമ: ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ 1.10 കോടി രൂപ അനുവദിച്ചു.[www.malabarflash.com]

1971ല്‍ അനുവദിക്കപ്പെട്ടത് മുതല്‍ സബ് രജിസ്ട്രാര്‍ ഓഫീസ് 47 വര്‍ഷമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സ്വന്തമായ കെട്ടിടം എന്ന ആവശ്യം ഇക്കാലമത്രയും നടക്കാതെ പോയി.
സര്‍ക്കാര്‍ ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്വകാര്യ ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. വില കൊടുത്ത് വാങ്ങാന്‍ സാധിക്കാത്തതിനാല്‍ വീണ്ടും അനിശ്ചിതത്വത്തിലായി. 

ഉദുമ പള്ളത്ത് ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപം കെ.കെ അബ്ദുല്ല ഹാജി, നഫീസത്തുല്‍ മിസ്‌രിയ, കെ.കെ മുനീറ എന്നിവരുടെ മുക്ത്യാര്‍ ഏജന്റ് എന്ന നിലയില്‍ ഉദുമ വില്ലേജില്‍ ആര്‍.എസ് നമ്പര്‍ 155ല്‍പെട്ട 10 സെന്റ് ഭൂമി ഉദുമ രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം പണിയാന്‍ സൗജന്യമായി വിട്ടു നല്‍കി. 

ഈ ഭൂമി കാസര്‍കോട്-കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവെയുടെ ഓരത്ത് തന്നെയാണ്. സ്ഥലം സൗജന്യമായി കിട്ടയതോടെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 

കിഫ്ബി എക്‌സിക്യുട്ടീവ് യോഗത്തിലാണ് 1.10 കോടി രൂപയുടെ ഡി.പി.ആറിന് അനുമതി നല്‍കിയത്. രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ രജിസ്ട്രാരുടെ ഓഫീസ്, ദൈനംദിന റിക്കാര്‍ഡ് റൂം, ഓഫീസര്‍മാര്‍ക്കുള്ള മുറികള്‍, പൊതുജനങ്ങള്‍ക്കുള്ള വിശ്രമമുറി, അനുബന്ധ ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളും രണ്ടാമത്തെ നിലയില്‍ റെക്കാര്‍ഡ് റൂം, ഓഫീസ് മുറികള്‍, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളൊരുക്കും. 

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.