Latest News

ആണും പെണ്ണും ഒന്നിച്ച് കഴിയാൻ കല്യാണം കഴിക്കണമെന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ ആൺകുട്ടിക്കും പെൺകുട്ടിക്കും ഒന്നിച്ച് താമസിക്കാൻ വിവാഹപ്രായം തടസമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹിതരായില്ലെങ്കിലും പ്രായപൂർത്തിയായ ആണിനും പെണ്ണിനും ഒന്നിച്ച് കഴിയാമെന്നും കോടതി നിരീക്ഷിച്ചു.[www.malabarflash.com]

21 വയസ് തികയാത്തതിന്റെ പേരിൽ കേരളാ ഹൈക്കോടതി വിവാഹം അസാധുവാക്കിയ നന്ദകുമാറിന്റെയും തുഷാരയുടെയും കേസിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

2017 ഏപ്രിലിലാണ് നന്ദകുമാറും തുഷാരയും വിവാഹിതരായത്. മകളെ തട്ടിക്കൊണ്ടുപോയതാണെന്നും നന്ദകുമാറിന് വിവാഹപ്രായമായ 21 വയസ് തികഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി തുഷാരയുടെ പിതാവ് ഹൈക്കോടതിയിൽ കേസ് നൽകി. ഇതംഗീകരിച്ച കോടതി വിവാഹം റദ്ദാക്കി തുഷാരയെ പിതാവിനൊപ്പം അയച്ചു. ഇതിനെതിരെ നന്ദകുമാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി.

ഹൈക്കോടതിയുടെ നടപടി ശരിയായില്ലെന്ന് നന്ദകുമാറിന്റെ അപ്പീൽ പരിഗണിച്ച ജസ്‌റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹാദിയയെ ഭർത്താവിനൊപ്പം അയച്ച ഉത്തരവും കോടതി എടുത്തുപറഞ്ഞു. തുഷാരയും നന്ദകുമാറും പ്രായപൂർത്തിയായവരാണ്. ഹൈക്കോടതി അക്കാര്യം പരിഗണിക്കണമായിരുന്നു. 

പ്രായപൂർത്തിയായവർക്ക് വിവാഹം കഴിച്ചില്ലെങ്കിലും ഒന്നിച്ച് താമസിക്കാൻ അവകാശമുണ്ട്. അത് നിയമപ്രകാരം അംഗീകരിക്കപ്പെട്ടതാണ്. അവർക്ക് സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കാനുള്ള അവകാശം മുൻ വിധികളിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.