Latest News

1.100 കിലോ ഗ്രാം കഞ്ചാവുമായി ഉദുമ സ്വദേശിയായ യുവാവും കഞ്ചാവ് വാങ്ങാനെത്തിയ രണ്ടു പേരും പിടിയില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായി ഉദുമ സ്വദേശിയായ യുവാവിനെയും കഞ്ചാവ് വാങ്ങാനെത്തിയ രണ്ടു പേരെയും കാസര്‍കോട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എ അബ്ദുല്‍റഹീമും സംഘവും പിടികൂടി.[www.malabarflash.com] 

ഉദുമ സ്വദേശി മുനവ്വര്‍ കാസിം എന്ന മുന്ന(23)യാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുനവ്വര്‍ കാസിമെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവുമായി പിടിയിലായ മുനവ്വര്‍ കാസിമിന്റെ ഫോണിലേക്ക് കഞ്ചാവ് അന്വേഷിച്ച് വിളിച്ച രണ്ടുപേരെയും പോലീസ് തന്ത്രപരമായി പിടിച്ചു. നെല്ലിക്കുന്നിലെ അഷ്റഫ്(47), ബേക്കലിലെ ആഷിഖ് (19) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെ അടുക്കത്ത്ബയല്‍ ദേശീയപാതയില്‍ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവുമായി മുനവ്വര്‍ കാസിം പിടിയിലാവുന്നത്. മുനവ്വര്‍ കാസിമിനെ സ്റ്റേഷനിലെത്തിച്ച ഉടനെയാണ് ഫോണിലേക്ക് വിളിവന്നത്. കഞ്ചാവ് എത്തിയോ എന്ന് അന്വേഷിച്ചായിരുന്നു വിളി. മുനവ്വര്‍ കാസിമിനെ കൊണ്ട് ഇരുവരോടും പഴയ ബസ് സ്റ്റാന്റ് പരിസരത്തെത്താന്‍ പറയിപ്പിക്കുകയായിരുന്നു. ഏതാനും സമയത്തിനകം അവിടെയെത്തിയ ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ഉപയോഗിക്കാനാണ് ഇവരെത്തിയതെന്ന് പോലീസ് പറഞ്ഞു.
കുമ്പള ഭാഗത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. യമഹ റേ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മുനവ്വര്‍ കാസിമിനെ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് മൊഴി നല്‍കി. കൈവശം 1200 രൂപയും കണ്ടെത്തി.
ഏതാനും മാസം മുമ്പ് കാസര്‍കോട് ഗവ. കോളേജിന് സമീപം രണ്ട് കിലോ കഞ്ചാവുമായി മംഗളൂരുവിലെ വിദ്യാര്‍ത്ഥിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പോലീസ് പരിശോധനക്കിടെ ഓടിപ്പോയ പ്രതിയാണ് മുനവ്വറെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് മുനവ്വര്‍ കാസിം പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.