Latest News

ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: കാസർകോട് ബാലകൃഷ്‌ണൻ വധക്കേസിൽ കാസർകോട് ചട്ടഞ്ചാല്‍ തെക്കിൽ മുഹമ്മദ് ഇഖ്‌ബാൽ (ഇക്കു), തളങ്കര മുഹമ്മദ് ഹനീഫ (ജാക്കി ഹനീഫ) എന്നിവർക്കു സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.[www.malabarflash.com] 

കേസിൽ മജിസ്ട്രേട്ട് മുൻപാകെ പ്രതികൾക്കെതിരെ മൊഴി നൽകിയ ശേഷം വിചാരണ കോടതിയിൽ കൂറുമാറിയ രണ്ടു സാക്ഷികൾക്കെതിരെ സിബിഐ നിയമനടപടി തുടങ്ങി.

ഇതര സമുദായക്കാരിയെ വിവാഹം കഴിച്ചതിനുള്ള വൈരാഗ്യം തീർക്കാൻ ബാലകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കാസർകോട് വിദ്യാനഗർ പടുവടുക്ക സ്വദേശിയും ടൗണിലെ കൊറിയർ കമ്പനി ജീവനക്കാരനുമായിരുന്നു യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ. 

കേസിലെ 25–ാം സാക്ഷിയും മുസിലിം ലീഗ് പ്രാദേശിക നേതാവുമായ മുഹമ്മദ് കുഞ്ഞ്, 26–ാം പ്രതി സി.എ. അബ്ബാസ് എന്നിവരാണു പ്രോസിക്യൂഷന് അനുകൂലമായി ആദ്യം മൊഴി നൽകിയ ശേഷം സാക്ഷി വിസ്താരത്തിൽ കൂറുമാറിയത്. ഇവർക്കെതിരെ ക്രിമിനൽ നടപടി ചട്ടം (വകുപ്പ് 193) പ്രകാരമുള്ള മേൽ നടപടി സ്വീകരിക്കാൻ വിചാരണ കോടതി എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനു നിർദേശം നൽകി.

കോടതിയെ ബോധപൂർവം തെറ്റിധരിപ്പിക്കാൻ ശ്രമിച്ചതായി തെളിഞ്ഞാൽ ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു കൂറുമാറിയ സാക്ഷികൾക്കെതിരെ സിബിഐ ഉന്നയിക്കുന്നത്. 

പ്രതിപ്പട്ടികയിലുണ്ടായിരുന്ന തയലങ്ങാടി എ. അബ്ദുൽ ഗഫൂർ, ചെങ്കള എ.എം. മുഹമ്മദ്, ഉപ്പള അബൂബക്കർ ഹാജി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. ഇതിൽ അബൂബക്കറിന്റെ മകളാണു കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ ഭാര്യ.

2001 സെപ്റ്റംബർ 18 നാണു ബാലകൃഷ്ണൻ കാറിനുള്ളിൽ കുത്തേറ്റു മരിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികൾക്കു കോടതി ഒരു ലക്ഷം രൂപവീതം പിഴയും വിധിച്ച‌ിട്ടുണ്ട്, പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക ശിക്ഷ അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ പിതാവു ഗോപാലനു നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.