Latest News

  

മയക്ക് മരുന്ന് കുത്തിവെക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തലശ്ശേരി: ശരീരത്തില്‍ സിറിഞ്ച് ഉപയോഗിച്ച് ലഹരിപ്പൊടി കുത്തിവയ്ക്കുന്നതിനിടയില്‍ സംഭവിച്ച പാകപ്പിഴവ് കാരണം മരിച്ച നിലയില്‍ ഓട്ടോറിക്ഷാ ഡ്രൈവരുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കാണപ്പെട്ടു.[www.malabarflash.com]

എടക്കാട് ബൈപാസ് റോഡിലെ കക്കുന്നത്ത് അരേ ചെങ്കിയില്‍ ഉനൈസിനാണ് (32) ദാരുണാന്ത്യം. എടക്കാട് ബസാറിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ ബുധനാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു. മുറിയില്‍ കയറി ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനാല്‍ ഉമ്മ തിരക്കി ചെന്നപ്പോഴാണ് ജീവനറ്റ നിലയില്‍ കാണപ്പെട്ടത്. 

വിവരമറിഞ്ഞ് അയല്‍വാസികളും എടക്കാട് പോലീസുമെത്തി. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ദരും പോലീസ് നായയും വന്ന് തെളിവെടുത്തു.
ഉനൈസ് മരിച്ച് കിടന്നതിനരികില്‍ സിറിഞ്ചും അലൂമിനിയം കടലാസില്‍ ലഹരിപ്പൊടിയെന്ന് കരുതുന്ന പദാര്‍ത്ഥത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. മ്യതദേഹത്തിന്റെ പ്രാഥമിക പരിശോധനയില്‍ പുറമെ പരിക്കുകളില്ലെന്ന് പോലിസ് പറഞ്ഞു. എങ്കിലും ദുരൂഹത അകറ്റാനായി മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി. 

ലഹരിമരുന്ന് പൊടി സിറിഞ്ചില്‍ നിറച്ച് ദേഹത്ത് കുത്തിവയ്കുമ്പോള്‍ രക്തധമനിയിലൂടെ വായു കുമിളകള്‍ കയറിയതാവാം മരണകാരണമെന്നും പറയപ്പെടുന്നു. 

നാടാകെ മദ്യ-ലഹരി വസ്തുകളുടെ ഇടപാടുകളും ഉപയോഗവും വ്യാപകമാണ്. സമൂഹത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ചില പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാര്‍ വരെയും ലഹരി വലയില്‍ അകപ്പെട്ടതായി വിവരം പുറത്ത് വന്നിട്ടും നിയന്ത്രണ നടപടികള്‍ ഫലപ്രദമാവാത്തതില്‍ ദുരൂഹത ഏറിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.