Latest News

എടപ്പാൾ തിയറ്ററിലെ പീഡനം: മാതാവ് അറസ്റ്റിൽ

എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാങ്കുന്നത്ത് മൊയ്‌തീൻകുട്ടിയെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.[www.malabarflash.com]

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ (പോക്സോ) നിയമം അനുസരിച്ചാണ് കേസ്. കേസെടുക്കാൻ വൈകിയതിന് സസ്പെൻഷനിലായ ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിക്കെതിരെ പോക്സോ ചുമത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയതായാണു വിവരം.

അന്വേഷണച്ചുമതലയുള്ള മലപ്പുറം ഡിസിആർബി ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ ഞായറാഴ്ച നടത്തിയ വിശദമായ ചോദ്യംചെയ്യലിനെ തുടർന്നാണ് മാതാവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

മൊയ്തീൻകുട്ടി തിയറ്ററിലെത്തിയ ആഡംബര കാർ കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്‌തമാണെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

പരാതി ലഭിച്ച വിവരം എസ്ഐ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽപേർക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകും.

പ്രതികളെ പീഡനം നടന്ന തിയറ്ററിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.

പ്രതികളെ കാണുന്നതിനായി വൻ ജനക്കൂട്ടമാണ് പൊന്നാനി പോലീസ് സ്‌റ്റേഷനു മുൻപിൽ തടിച്ചുകൂടിയത്. വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ഞായറാഴ്ച തിയറ്ററും ചങ്ങരംകുളം പോലീസ് സ്റ്റേഷനും സന്ദർശിച്ചു. തെളിവുസഹിതം സംഭവം നിയമസംവിധാനത്തിനു മുൻപിലെത്തിച്ച തിയറ്റർ ഉടമകളെ ജോസഫൈൻ അഭിനന്ദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.