Latest News

ലിനിയുടെ ഭർത്താവിന്​ സർക്കാർ ജോലി; മക്കൾക്ക്​ 10 ലക്ഷം രൂപ

തിരുവനന്തപുരം: നിപ്പ  ബാധിച്ച്​ മരിച്ച പേരാ​മ്പ്ര താലൂക്ക്​ ആശുപത്രിയിലെ നഴ്​സ്​ ലിനിയുടെ ഭർത്താവ്​ സജീഷിന്​​ സർക്കാർ ജോലി. രണ്ടു മക്കൾക്കും പത്തുലക്ഷം രൂപ വീതം ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം.[www.malabarflash.com] 

കുട്ടികൾക്ക്​ 18 വയസ്​ തികയും വരെ സ്​ഥിര നിക്ഷേപമായി അഞ്ചുലക്ഷം രൂപയും ബാക്കി തുക ഇവർക്ക്​ മാസം പലിശ കിട്ടും വിധവും നിക്ഷേപിക്കാനാണ്​ തീരുമാനം. നിപ്പ വൈറസ്​ ബാധിച്ച്​ മരിച്ച മറ്റുള്ളവരുടെ കുടുംബാംഗങ്ങൾക്ക്​ അഞ്ചുലക്ഷം രൂപ വീതവും ധനസഹായം നൽകും.

നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. രോഗ ബാധിതരുമായ ബന്ധപ്പെട്ടവർക്ക്​ മാത്രമാണ്​ നിലവിൽ ലക്ഷണങ്ങൾ കണ്ടുവരുന്നത്​. പേരാ​മ്പ്ര കേന്ദ്രീകരിച്ചു മാത്രമാണ്​ രോഗം പടർന്നത്​. മറ്റ്​ സ്​ഥലങ്ങളിലേക്കും രോഗം പടരുന്നുവെന്ന തരത്തിലുളള വാർത്തകൾ അടിസ്​ഥാന രഹിതമാണെന്നും ശൈലജ പറഞ്ഞു.

നിപ്പ ബാധിച്ചവരുടെ ചികിത്​സാച്ചെലവ്​ സർക്കാർ വഹിക്കും. എയിംസിൽ നിന്നുള്ള വിദഗ്​ധ സംഘമെത്തി ഡോക്​ടർമാർക്കും മറ്റ്​ ആരോഗ്യ പ്രവർത്തകർക്കും ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച്​ പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിപയെ പ്രതിരോധിക്കാൻ അൽപ്പമെങ്കിലും ഫലപ്രദമായ റിബവൈറിൻ എന്ന മരുന്ന്​ എത്തിക്കുമെ ന്നും മന്ത്രി പറഞ്ഞു.

അതേസമയം, സർക്കാറിനോട്​ നന്ദിയുണ്ടെന്ന്​ ലിനിയുടെ  ഭർത്താവ്​ സജീഷ്​. മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ആഗ്രഹം. അതിന്​ സർക്കാറിന്റെ  സഹായം കൈത്താങ്ങാണെന്നും സജീഷ്​ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.