കാഞ്ഞങ്ങാട്: ഏറെ പ്രമാദവും പോലീസിന്റെ അന്വേഷണ മികവുകൊണ്ട് തെളിയിക്കപ്പെടുകയും ചെയ്ത ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി കൊലക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.[www.malabarflash.com]
അന്വേഷണത്തിന് നേതൃത്വം നല്കിയ നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണനാണ് 2400 പേജുള്ള കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.
കൊലപാതകത്തില്‍ സൂത്രധാരനും മുഖ്യപ്രതിയുമായ പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണ്‍, പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ പുതിയവീട്ടില്‍ വിശാഖ് (27), ചെറുവാങ്ങക്കോട്ടെ റിനീഷ് (23) എന്നിവരാണ് ഈ കേസിലെ പ്രതികള്‍.
ഏറെ സങ്കീര്‍ണ്ണമായിരുന്ന കൊലക്കേസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിനൊടുവിലാണ് ജാനകി ടീച്ചറിന്റെ അയല്‍വാസികളായ പ്രതികളെ പഴുതുകളടച്ച് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അറുപതിനായിരം ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 560 സാക്ഷികളും 17 പവന് സ്വര്‍ണാഭരണങ്ങളും രേഖകളും ഉള്‍പ്പെടെ 350 തൊണ്ടിമുതലുകളുമുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 13 ആണ് ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കളത്തേര കൃഷ്ണ(80)നെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച ശേഷം ജാനകി ടീച്ചറെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മുഖംമൂടി സംഘമാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്ന കൃഷ്ണന് മാസ്റ്ററുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്.
കൃത്യം നടത്തിയതിന്റെ പിറ്റേ ദിവസം തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നിര്‍ദ്ദേശപ്രകാരം നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന് കേസന്വേഷണം ആരംഭിച്ചു.
മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഉത്തരമേഖലാ ഡിഐജി രാജേഷ് ദിവാന്, ഐജി മഹിപാല്‍ യാദവ് എന്നിവരും അന്വേഷണത്തിന് നേതൃത്വവുമായി രംഗത്ത് വന്നു.
ഒടുവില്‍ ഫെബ്രുവരി 21ആണ് അരുണ്‍ ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലക്ക് ശേഷം ബഹറിനിലേക്ക് കടന്ന അരുണിനെ സമര്‍ത്ഥമായി നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.


No comments:
Post a Comment