കാഞ്ഞങ്ങാട്: കര്‍ണാടക മൂഡുബിദ്രി ഹോട്ടബാഗിലുവില്‍ 22 കാരിയായ യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹോദരീ ഭര്‍ത്താക്കന്മാരും കാഞ്ഞങ്ങാട്ട് പിടിയിലായി.[www.malabarflash.com]
പ്രതികളെ പിന്തുടര്‍ന്നെത്തിയ മംഗളൂരു സിഡി പാര്‍ട്ടി കാഞ്ഞങ്ങാട് ടൗണില്‍ നടുറോഡില്‍ വെച്ചാണ് മൂന്നു പേരെയും അറസ്റ്റു ചെയ്തത്.
ബണ്ട്വാള്‍ നീരളിഗെ ഗണ്ടാള്‍ക്കട്ടെ സ്വദേശിനിയായ ഖൈറുന്നിസ (22)യെ
ഭര്‍തൃവീട്ടില്‍ കഴിഞ്ഞ മാസം 11ന് രാവിലെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ക്രൂരമായ ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഖൈറുന്നീസ ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തുകയും ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കും അതിക്രമത്തിനും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതികള്‍ മുങ്ങി.
ഖൈറുന്നീസയുടെ ഭര്‍ത്താവ് മൂഡുബിദ്രിയിലെ മത്സ്യ പച്ചക്കറി വ്യാപാരിയായ അസ്‌ലം (32), അസ്‌ലമിന്റെ സഹോദരീ ഭര്‍ത്താക്കന്മാരായ മൂഡുബിദ്രിയിലെ ഹാരിസ് (25), കാസര്‍കോട് അഡൂരിലെ റമീസ് (26) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് കര്‍ണാടക പോലീസ് പിടികൂടിയത്.
അസ്‌ലമിന്റെ പിതാവ് ഉമര്‍ അബ്ബയെ പിടികിട്ടാനുണ്ടെന്ന് മൂഡുബിദ്രി പോലീസ് പറഞ്ഞു. മുഡൂബിദ്രി എസ് ഐ തേജപ്പ, സിഡി പാര്‍ട്ടി അംഗങ്ങളായ ഹെഡ്‌കോണ്‍സ്റ്റബിള്‍ മുഹമ്മദ് മന്‍സൂര്‍, കോണ്‍സ്റ്റബിള്‍മാരായ അഷീല്‍ അഹ് മദ്, ചന്ദ്രഹാസറൈ, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
യുവതിയെ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവന്നിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
സംഭവത്തിനു ശേഷം അസ്‌ലമും മറ്റു പ്രതികളും നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഒമ്പതു ദിവസമായി പ്രതികളുടെ പിറകെയായിരുന്നു പോലീസ്. ഹാസന്‍, സകലേശ്പുരം, ചിക്ക്മംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രതികള്‍ ഉള്ളതായി ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ കാഞ്ഞങ്ങാട്ട് വെച്ച് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.
മരിച്ച ഖൈറുന്നിസയ്ക്ക് രണ്ട് വയസുള്ള പെണ്‍കുട്ടിയുണ്ട്. മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവരികയും ചെയ്തിരുന്നു.
പീഡനം സഹിക്കവയ്യാതെ യുവതി തൂങ്ങിമരിച്ചതായാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
No comments:
Post a Comment