Latest News

കാഞ്ഞങ്ങാട്ടെ കൊലക്ക് കാരണം ഇംഗ്ലീഷ് ഭാഷയെച്ചൊല്ലിയുള്ള തര്‍ക്കം

കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ നാടിനെ നടുക്കിയ കൊല നടന്നത് ഇംഗ്ലീഷ് ഭാഷയെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന്.[www.malabarflash.com]

കൊല്ലപ്പെട്ട കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യം (42) ബുധനാഴ്ച ഉച്ചയോടെയാണ് ബാറില്‍ മദ്യപിക്കാനെത്തിയത്.
നേരത്തേ കോഴിക്കോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലര്‍ക്കായിരുന്ന വില്യം അവിടത്തെ ജോലി നഷ്ടപ്പെട്ടതോടെയാണ് കാഞ്ഞങ്ങാട്ടേക്ക് ജോലി തേടി എത്തിയത്.
മാസങ്ങളായി കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ ഒരു സ്വകാര്യ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയില്‍ കോഴിക്കോട് കോടതിയില്‍ ഭാര്യ ഫയല്‍ ചെയ്ത കേസില്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. കാഞ്ഞങ്ങാട്ടു നിന്നും രാത്രി ട്രെയിനില്‍ കോഴിക്കോട്ടേക്ക് പോകാനായിരുന്നു ലക്ഷ്യം. ഇതിനിടയിലാണ് അലാമിപ്പള്ളിയിലെ ബാറില്‍ മദ്യപിക്കാനെത്തിയത്.
ഇതേ ബാറില്‍ തന്നെ കൊലയാളിയായ ദിനേശനും മദ്യപിക്കുന്നുണ്ടായിരുന്നു. മദ്യലഹരിയില്‍ വില്യംസ് ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ തനിക്കും ഇംഗ്ലീഷ് അറിയാമെന്നും തന്റെ ഇംഗീഷ് ശരിയല്ലെന്നും ദിനേശന്‍ വില്യംസിനോട് പറഞ്ഞു.
ഇതേച്ചൊല്ലിയാണ് ഇരുവരും പരസ്പരം വാക്കേറ്റമുണ്ടായത്. 

മദ്യപിച്ച ശേഷം ബാറില്‍ നിന്നുമിറങ്ങിയ വില്യംസ് നിര്‍മ്മാണത്തിലിരിക്കുന്ന ബസ് സ്റ്റാന്റിന്റെ വരാന്തയില്‍ ഇരുന്നു. പിന്നാലെ വന്ന ദിനേശന്‍ കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കുന്ന ആണിയടിച്ച വാരികൊണ്ട് വില്യംസിന്റെ തലക്ക് പിന്നില്‍ മാരകമായി അടിച്ചുപരിക്കേല്‍പ്പിച്ചു. അടിയുടെ ആഘാതത്തില്‍ വില്യംസിന്റെ തല പിളരുകയും പല്ല് അടര്‍ന്നുവീഴുകയും ചെയ്തു.
ഈ സമയം അലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ സിഐടിയു-ബിഎംഎസ് തൊഴിലാളികള്‍ തമ്മില്‍ കയറ്റിറക്ക് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പോലീസ് കാവലുണ്ടായിരുന്നു. നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് വില്യം സിനെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. 

സംഭവ സ്ഥലത്തുവെച്ച് തന്നെ ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വില്യംസിന്റെ മൃതദേഹം ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
നേരത്തെ ഭാര്യ നല്‍കിയ സ്ത്രീധന പീഡന കേസില്‍ ഏറെക്കാലം റിമാന്റിലായിരുന്ന ദിനേശന്‍ ഏതാനും ദിവസം മുമ്പാണ് ജയിലില്‍ നിന്നുമിറങ്ങിയത്.
മടിക്കൈ ചാളക്കടവിലെ ഹോട്ടലുടമയായിരുന്ന കണ്ണന്റെ മകനായ ദിനേശന്‍ അമ്മ വീടായ പുതുക്കൈയിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോള്‍ കുശാല്‍നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ജയിലില്‍ പോകുന്നതിന് മുമ്പ് കാഞ്ഞങ്ങാട്ട് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. കസ്റ്റഡിയില്‍ കഴിയുന്ന ദിനേശന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.