Latest News

ഭാഗവത സപ്താഹ യജ്ഞവേദിയില്‍ മതമൈത്രിയുടെ കാരുണ്യപ്രവാഹം

കാഞ്ഞങ്ങാട്: വാഴക്കോട് ശ്രീ സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ വേദിയില്‍ ജാതിമതങ്ങളുടെ അതിര്‍ വരമ്പുകളില്ലാതെ നടത്തിയ കാരുണ്യ പ്രവര്‍ത്തനം മതസൗഹാര്‍ദ്ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉല്‍കൃഷ്ട പ്രതീകമായി.[www.malabarflash.com]

യജ്ഞാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയുടെ കാര്‍മ്മികത്വത്തില്‍ മെയ് 13 വരെ നീണ്ടു നില്‍ക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ആത്മീയ സദസ്സാണ് കാരുണ്യ പ്രവര്‍ത്തനം കൊണ്ട് വൈവിധ്യം പുലര്‍ത്തിയത്. 

വിവിധ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബത്തിലെ 10 വയസില്‍ താഴെയുള്ള കുട്ടികളുടെ ചികിത്സക്കായാണ് യജ്ഞവേദിയില്‍ സഹായം നല്‍കിയത്. ജാതി-മത-രാഷ്ട്രീയം നോക്കാതെ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട 14 കുട്ടികള്‍ക്കാണ് കാരുണ്യസഹായം കൈമാറിയത്.

രോഗികളായ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും യജ്ഞാചാര്യനായ സ്വാമി ഉദിത് ചൈതന്യയാണ് സഹായധനം കൈമാറിയത്. കാഞ്ഞങ്ങാട് സേവാഭാരതി ട്രസ്റ്റും, കാര്‍ത്തികേയ സേവാമണ്ഡലവും ചേര്‍ന്നാണ് സഹായധനം ഏര്‍പ്പെടുത്തിയത്. ആനന്ദാശ്രമം സ്വാമിജി മുക്താനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം കെ ഭാസ്‌കരന്‍ അധ്യക്ഷം വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തിയ കാര്യകാരി സദസ്യന്‍ കെ കൃഷ്ണന്‍കുട്ടി പ്രഭാഷണം നടത്തി. 

ക്ഷേത്രം പ്രസിഡണ്ട് എന്‍ കേളുനമ്പ്യാര്‍, സേവാസമിതി പ്രസിഡണ്ട് കെ വി ലക്ഷ്മണന്‍, ക്ഷേത്രം രക്ഷാധികാരി കെ വേണുഗോപാലന്‍ നമ്പ്യാര്‍, സ്വാമി പ്രകാശാനന്ദഗിരി ഹരിദ്വാര്‍, സേവാട്രസ്റ്റ് കണ്‍വീനര്‍ ജനാര്‍ദ്ദനന്‍ വെള്ളിക്കോത്ത്, സേവാഭാരതി സെക്രട്ടറി കെബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വാഴക്കോട് തുമ്പയില്‍ ചാമുണ്ഡശ്വരി ദേവസ്ഥാനം ദേവനര്‍ത്തകന്‍ മീത്തല്‍പുരയില്‍ കണ്ണനെ ആദരിച്ചു. ആഘോഷകമ്മിറ്റികണ്‍വീനര്‍ പി.വി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.ഗോവിന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.