കോട്ടയം: യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരന്റെ നേതൃത്വത്തിലാണ് കോട്ടയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി.[www.malabarflash.com]
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ മാന്നാനം പള്ളിത്താഴെയാണ് സംഭവം. കോട്ടയം നഗരത്തിലെ കോളേജിൽ പഠിക്കുന്ന തെന്മല സ്വദേശിനിയുമായി കെവിൻ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പും ഭീഷണിയും രൂക്ഷമായതോടെ രണ്ടു ദിവസം മുൻപ് രജിസ്റ്റർ ഒാഫീസിൽ പോയി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്‌തു. ഇതോടെ പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ച പുലർച്ചെ മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം കെവിനെയും അനീഷിനെയും മാന്നാനം പള്ളിത്താഴത്തെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടു പോയത്. വീട് അടിച്ചു തകർത്ത നിലയിലാണ്. തെന്മലയിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഇരുവരെയും മർദ്ദിച്ചതായും പറയുന്നു. തെന്മലയ്ക്ക് സമീപം വണ്ടി നിർത്തിയപ്പോൾ കെവിൻ ചാടിപ്പോയതായി സംഘം അറിയിച്ചുവെന്ന് അനീഷ് പറഞ്ഞു.
മാന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയിൽ കെവിൻ (23), ബന്ധുവായ അനീഷ് (31) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. കെവിനെ കണ്ടെത്താനായിട്ടില്ല. അനീഷിനെ മർദ്ദിച്ചശേഷം വഴിയിൽ ഇറക്കി വിട്ടു. ഇയാളെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി.
തട്ടിക്കൊണ്ട് പോയ സംഘത്തിന്റെ കാർ തെന്മല പോലീസ് കണ്ടെടുത്തു. തെന്മല ഇടമണിൽ നിന്നാണ് കാർ കണ്ടെത്തിയത്. ഇതടക്കം മൂന്ന് വാഹനങ്ങളിലായാണ് പ്രതികളുടെ സഞ്ചാരമെന്നാണ് പോലീസ് പറയുന്നത്.
പ്രതികൾ തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിയതായും പോലീസ് സൂചന നൽകി. വാഹനത്തിന്റെ ഉടമ ഇബ്രാഹീം കുട്ടി പൊലീസിന്റെ കസ്‌റ്റഡിയിലാണ്. തന്റെ വാഹനം ഒരു ബന്ധു കൊണ്ടുപോയതായാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.
വെള്ളിയാഴ്‌ച ഇരുവരെയും പോലീസ് വിളിച്ചു വരുത്തിയെങ്കിലും കെവിനൊപ്പം പോകുകയാണെന്ന് നിലപാടെടുത്തതോടെ കെവിനും അനീഷും ചേർന്ന് പെൺകുട്ടിയെ ഹോസ്‌റ്റലിലേയ്‌ക്കു മാറ്റി.
പരിക്കുകളോടെ സ്റ്റേഷനിൽ ഹാജരായ അനീഷിനെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പിതാവിന്റെ പരാതിയിൽ പെൺകുട്ടിയെ പോലീസ് കസ്‌റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയും സംരക്ഷണ കേന്ദ്രത്തിലേയ്‌ക്കു മാറ്റുകയും ചെയ്തു.
No comments:
Post a Comment