Latest News

ഷുഹൈബ് വധക്കേസ്: പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

കണ്ണൂർ: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന പിതാവ് സി.മുഹമ്മദിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിൽ പോലീസ് അന്വേഷണം തുടരാമെന്നു കോടതി വ്യക്തമാക്കി.[www.malabarflash.com]

പോലീസിന് അന്തിമറിപ്പോർട്ട് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം പിതാവിന്റെ ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ വിഡ്ഢികളാണെന്നും കോടതി പറഞ്ഞു. ഷുഹൈബിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ കണ്ടതിനു ശേഷമായിരുന്നു പരാമർശം. 

പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടാണു ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണു കുടുംബത്തിനു വേണ്ടി ഹാജരായത്. കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ.സുധാകരനാണു ഷുഹൈബിന്റെ കുടുംബത്തിനു വേണ്ടി കപിൽ സിബലിനെ സുപ്രീംകോടതിയിലെത്തിക്കുന്നത്.

ഷുഹൈബ് വധക്കേസ് പ്രതികൾക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിനെത്തുടർന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്നു മധ്യവേനൽ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി ഹർജി മാറ്റുകയും ചെയ്തിരുന്നു. ഒന്നര മാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തു മണിയോടെയാണു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസ്.പി. ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട 11 സിപിഎം പ്രവർത്തകരിൽ രണ്ടു പേർ ജാമ്യം നേടി. 

90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നു മട്ടന്നൂർ പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണു കോൺഗ്രസ് നേതൃത്വം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.