Latest News

കണ്ണൂർ രാഷ്ട്രീയം വീണ്ടും ചോരയിൽ മുങ്ങുന്നു, വെട്ടേറ്റ ആർ.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു

മാഹി: കണ്ണൂർ രാഷ്ട്രീയം വീണ്ടും ചോരയിൽ മുങ്ങുന്നു; മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടു.[www.malabarflash.com]

മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്റെ മകൻ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജ് പറമ്പത്തിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ടു സംഭവങ്ങൾക്കു പിന്നിലും ആരാണെന്നു വ്യക്തമായിട്ടില്ല. മേഖലയില്‍ വൻ പോലീസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ചൊവ്വാഴ്ച സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹര്‍ത്താൽ. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മാഹി നഗരസഭ മുൻ കൗൺസിലറാണ് ബാബു. രാത്രി ഒൻപതേമുക്കാലോടെ പള്ളൂരിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്.

സംഭവം നടന്നതിനു പിന്നാലെ ന്യൂമാഹിയിൽ സിപിഎം–ആർഎസ്എസ് സംഘർഷമുണ്ടായി. ഒാട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്പോഴായിരുന്നു കല്ലായി അങ്ങാടിയിൽ വച്ചു വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.